ചെറുവത്തൂർ: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ചെറുവത്തൂർ - മംഗലാപുരം പാസഞ്ചർ പുനരാരംഭിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു.

ചെറുവത്തൂരും പരിസരങ്ങളിലുമുള്ള ആറോളം പഞ്ചായത്തുകളിലെ രോഗികളും വിദ്യാർത്ഥികളും വ്യാപാരികളുമടങ്ങുന്ന വലിയൊരു സമൂഹം യാത്രക്കാർ ആശ്രയിച്ചിരുന്ന ഈ പാസഞ്ചറിന്റെ ചൂളം വിളി നിലച്ചിട്ട് രണ്ടു വർഷമാകാറായി. രാവിലെ ആറരയ്ക്ക് ചെറുവത്തൂരിൽ നിന്ന് മംഗലാപുരത്തേക്കും വൈകീട്ട് തിരിച്ചെത്തുകയും ചെയ്യുന്ന ഈ പാസഞ്ചർ ചെറുവത്തൂരിന് പുറമെ പടന്ന, വലിയ പറമ്പ, പിലിക്കോട്, കയ്യൂർ - ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. മംഗലാപുരത്തേക്ക് രാവിലെ യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇതിനെയാണ് ആശ്രയിച്ചിരുന്നത്.

കൊവിഡിന്റെ ആരംഭത്തിൽ നിർത്തലാക്കിയ ഈ യാത്രാസൗകര്യം ഇനിയും പുനഃസ്ഥാപിക്കാത്തത് അധികൃതരുടെ ജില്ലയോടുള്ള അവഗണനയ്ക്ക് ഉദാഹരണമാണ്. ചെറുവത്തൂരിനോടുള്ള റെയിൽവെ അധികൃതരുടെ നിഷേധാത്മക നിലപാട് പരക്കെ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.

അവഗണന തുടർക്കഥ

ഇതുവഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കുമുള്ള വൈദ്യുതി വിതരണം ചെയ്യുന്നത് ചെറുവത്തൂർ സബ് സ്റ്റേഷനിൽ നിന്നായിട്ടും ആ പരിഗണന ഈ സ്റ്റേഷന് ലഭിക്കുന്നില്ലെന്നാണ് യാത്രക്കാർ പരാതി പറയുന്നത്. കൽക്കരി വണ്ടി ഓടിയിരുന്ന കാലത്ത് വെള്ളത്തിന്റെ ആവശ്യം നിറവേറ്റിയിരുന്നതും ചെറുവത്തൂരിൽ നിന്നായിരുന്നു. പരശുറാം എക്സ്‌പ്രസിന് സ്റ്റോപ്പനുവദിക്കണമെന്ന കാലങ്ങളായുള്ള ആവശ്യവും അധികൃതർ കേട്ടില്ലെന്ന് നടിക്കുകയാണ്.

5 കോടി

കൊവിഡിനു മുമ്പ് വർഷത്തിൽ 5 കോടി രൂപ വാർഷിക വരുമാനം നേടിക്കൊടുത്തിരുന്ന സ്റ്റേഷനാണ് ചെറുവത്തൂർ