കാസർകോട് : ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടാകുമെന്നും ഇനിയും ജാതി വർണ്ണങ്ങളുടെ പേരിലുള്ള അടിച്ചമർത്തൽ സഹിക്കില്ലെന്നും ദളിത്, പിന്നോക്ക നവോത്ഥാന സംഗമം. പഡ്രെ ബദിയാറു ജടാധാരി ക്ഷേത്രത്തിലെ ജാതീയമായ വിവേചനത്തിനെതിരെ കർണാടക അതിർത്തിയിലെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളാണ് ഇന്നലെ സ്വർഗ്ഗ ജംഗ്ഷനിൽ ഒത്തുചേർന്നത്. ഡോക്ടർ ബി .ആർ. അംബേദ്കർ, അയ്യങ്കാളി എന്നിവരുടെ ഫോട്ടോയ്ക്ക് മുന്നിൽ സംഗമത്തിന് എത്തിയവർ പ്രതിജ്ഞയെടുത്തു.
ആചാരങ്ങളുടെയും അനാചാരങ്ങളുടെയും മറവിൽ അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചു കീഴ്ജാതിക്കാരെ വകഞ്ഞു മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ആഹ്വാനമുണ്ടായി. കീഴ്ജാതിക്കാർ നേരിടുന്ന അനീതികളും വേർതിരിവുകളും ചർച്ച ചെയ്യുന്നതിനും പൊതുസമൂഹത്തെ ബോധവത്ക്കരിക്കുന്നതിനും നടത്തിയ നവോത്ഥാന സംഗമത്തിൽ എൻമകജെ പഞ്ചായത്തിലെ കജംപാടി, കൊടിഞ്ചേരി, എടമല, ബടിയാറു, കുത്താജേ, പെരിയാൽ കോളനികളിൽ നിന്നുള്ള 200 ഓളം പേർ പങ്കെടുത്തു. കന്നട സാഹിത്യ പരിഷത്ത് മെമ്പർ രാധാകൃഷ്ണ ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്തു. സഞ്ജീവ് പെരിയാൽ അദ്ധ്യക്ഷത വഹിച്ചു. വിലക്ക് ലംഘിച്ച് ക്ഷേത്രത്തിൽ കയറിയ കൃഷ്ണമോഹൻ പൊസോള്യ മേൽജാതിക്കാരുടെ നീതി നിഷേധത്തെ കുറിച്ച് വിവരിച്ചു. നാടക നടനും സംവിധായകനുമായ ഉദയ് സാരംഗ് മുഖ്യാതിഥിയായി. ഗിരിജ തർന്നത്ത്, രഞ്ജിത്ത് അപായമൂല, സുധീഷ് ചെറുവത്തൂർ, ശശിധരൻ കാട്ടുകുക്കെ, സുന്ദര അപായമൂല എന്നിവർ പ്രസംഗിച്ചു. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ബദിയടുക്ക ഇൻസ്പെക്ടർ അശ്വിൻ, എസ്. ഐ കെ. പി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.