കണ്ണൂർ: ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അർബൻ ആക്ടിവിസ്റ്റ് സ്കൂൾ സംഘം കേരള ദിനേശ് ബീഡി യൂണിറ്റും, വിവിധ വൈവിദ്ധ്യവൽകരണ യൂണിറ്റുകളും സന്ദർശിച്ചു. ആക്ഷൻ എയ്ഡ് ഇന്ത്യ ആൻഡ് അസോസിയേറ്റഡ് ഗ്രാസ്സ് റൂട്ട് വർക്കേഴ്സ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. അലക്സ്‌ ജോർജ്, പ്രോഗ്രാം മാനേജർ രാജീവ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിനേശിന്റെ ഫുഡ്, അപ്പാരൽസ്, ഐ.ടി യൂണിറ്റുകൾ എന്നിവ നേരിൽ കാണാൻ എത്തിയത്.
കിലയുമായി സഹകരിച്ച് ദാരിദ്ര്യ ലഘൂകരണ ബദൽ മാർഗങ്ങളുടെ മാതൃക നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു സന്ദർശനം. ദിനേശ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ ദിനേശ്ബാബു, സെക്രട്ടറി പ്രഭാകരൻ, കേന്ദ്രസംഘം ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, സി.ടി.ഒ ടോമി ജോൺ, മാർക്കറ്റിംഗ് മാനേജർ സന്തോഷ് കുമാർ, അപ്പാരൽസ് ജി.എം ജിതേഷ് എന്നിവർ വിശദീകരിച്ചു.
സംഘം ദിനേശ് ബീഡിയുടെ കൊറ്റാളി ബ്രാഞ്ച് സന്ദർശിച്ച് തൊഴിലാളികളുമായി ആശയവിനിമയം നടത്തി. തോട്ടട ഭക്ഷ്യസംസ്കരണ യൂണിറ്റിന്റെ ഭാഗമായുള്ള നാളികേര ഉത്പന്നങ്ങളുടെ സംസ്കരണവും നേരിൽ കണ്ടു. യൂണിറ്റ് സൂപ്പർവൈസർ അജിത പ്രവർത്തനം വിശദീകരിച്ചു.