തൃക്കരിപ്പൂർ: ആയിറ്റി ഭഗവതി മരക്കലത്തിൽ കയറി വന്നതിന്റെ ഓർമ്മപുതുക്കി കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ കാട്ടിലെപ്പാട്ട് ആചാരപ്പെരുമയോടെ അരങ്ങേറി.
കേരളക്കരയിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ചടങ്ങാണ് നാലാം പാട്ടു ദിനത്തിൽ കാലങ്ങളായി നടന്നു വരുന്നത്. പുഴയ്ക്ക് കുറുകെ ബണ്ടുണ്ടെങ്കിലും പൗരാണികമായി തുടർന്നുവരുന്ന ആചാരം എന്ന നിലയ്ക്കാണ് ക്ഷേത്രം സ്ഥാനികരും വാല്യക്കാരും ചെണ്ടമേളത്തിന്റെയും ആർപ്പുവിളികളുടെയും ആരവത്തിൽ തിരുവായുധങ്ങളുമേന്തി വൈള്ളാപ്പ് കടവിൽനിന്നും തോണിയിലേറി ഇടയിലക്കാടെത്തിയത്. പേക്കടം കുറുവാപ്പള്ളി അറ ക്ഷേത്രത്തിലെ സ്ഥാനികരും അനുഗമിച്ചു.
ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ ആയിറ്റി ഭഗവതിയുടെ ആഗമനവുമായി ബന്ധപ്പെട്ട ചടങ്ങാണ് നാലാം പാട്ട് ദിനത്തിൽ അരങ്ങേറിയത്. മരക്കലമേറി വന്ന ആയിറ്റി ഭഗവതിയെ ദേശാധിപനായ ഉദിനൂർ ക്ഷേത്രപാലകൻ ഇടയിലക്കാട്ടിൽ കുടിയിരുത്തിയെന്നാണ് വിശ്വാസം. പിന്നീട് പയ്യക്കാലിലേക്ക് വന്നുവെങ്കിലും ദേവിയുടെ ആരൂഢസ്ഥാനം ഇടയിലക്കാടെന്ന വിശ്വാസത്തിലാണ് കാട്ടിലെപാട്ടും അനുബന്ധ ചടങ്ങുകളും. രാവിലെ 10 മണിയോടെ ആരംഭിച്ച ക്ഷേത്രചടങ്ങുകൾക്കുശേഷമാണ് നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ എഴുന്നള്ളത്തുസംഘം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്.
ചവേലകൊവ്വലിലും കുറുവാപള്ളിയിലും പ്രദക്ഷിണം വെച്ചതിനു ശേഷം കാവിലേക്ക് ഓട്ട പ്രദക്ഷിണം. വെള്ളം നിറഞ്ഞ കുട്ടനാടി പാടശേഖരത്തിലൂടെ കടന്ന് ആയിറ്റി കടവിലെത്തിയ ദേവനർത്തകരെ വാല്യക്കാർ തടഞ്ഞ് നിർത്തിയതിനുശേഷം ആചാര സ്ഥാനികരുടെ അകമ്പടിയോടെ രണ്ടുവള്ളങ്ങൾ ഒന്നിച്ച് കെട്ടിയുണ്ടാക്കിയ തോണിയിലേക്ക് ആനയിച്ചു. പഴമയുടെ പ്രൗഡി ഒട്ടുംചോരാത്ത എഴുന്നള്ളത്ത് കാണാൻ നൂറുകണക്കിനാളുകൾ കടവിൽ തടിച്ചുകൂടി. കാവിൽ അരങ്ങിൽ അടിയന്തിരത്തിനുശേഷം ക്ഷേത്രസ്ഥാനികരും വാല്യക്കാരും സന്ധ്യയോടെ പുഴ കടന്ന് തിരിച്ച് ക്ഷേത്രത്തിലെത്തി.
പടം...
പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ നാലാംപാട്ടു ഉത്സവത്തിന്റെ ഭാഗമായി ഇടയിലക്കാട് കാവിലേക്ക് നടന്ന ചങ്ങാടത്തിൽ എഴുന്നള്ളത്ത്.