file-photo
വിജ്ഞാനദായിനി വായനശാല (ഫയൽ ഫോട്ടോ)

കാഞ്ഞങ്ങാട്: വടക്കേ മലബാറിൽ ദേശീയ സ്വാതന്ത്ര്യസമരത്തിന് ഊടുംപാവും നെയ്ത വിജ്ഞാനദായിനിക്ക് ചരിത്ര സ്മാരക സമുച്ചയം പണിയാൻ സാംസ്‌കാരിക വകുപ്പ് അനുവദിച്ചത് 5 കോടി. സാമ്പത്തിക വർഷം അവസാനിക്കാൻ 3 മാസം മാത്രം ശേഷിക്കെ പദ്ധതിയുടെ രൂപരേഖ പോലും ആയില്ല. ആവശ്യത്തിന് ഭൂമി ലഭ്യമല്ലാത്തതാണ് പദ്ധതി ഇപ്പോഴും കടലാസിൽ തന്നെ ഇരിക്കാൻ കാരണമായത്.

അജാനൂർ ഗ്രാമപഞ്ചായത്തിൽ പെട്ട വെള്ളിക്കോത്താണ് വിദ്വാൻ പി. കേളു നായർ വിജ്ഞാനദായിനി ദേശീയ വിദ്യാലയം സ്ഥാപിച്ചത്. ഇപ്പോഴത്തെ മഹാകവി പി. സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിനകത്തായിരുന്നു വിജ്ഞാനദായിനി പ്രവർത്തിച്ചത്. അടുത്ത കാലം വരെ ഇതിന്റെ ശേഷിപ്പ് സ്‌കൂൾ വളപ്പിൽ കാണാമായിരുന്നു. സ്‌കൂൾ വൊക്കേഷണൽ ഹയർസെക്കൻഡറിയായി ഉയർന്നതോടെ വിജ്ഞാനദായിനിയുടെ സ്ഥലവും കൈക്കലാക്കി.

സ്മാരകസമുച്ചയം ഉണ്ടാക്കേണ്ടത് വിജ്ഞാനദായിനി ഉണ്ടായിരുന്ന സ്ഥലത്താണ്. ആ സ്ഥലമിപ്പോൾ സ്‌കൂളിന്റെ കൈവശത്തിലുമാണ്. സ്‌കൂളിനകത്ത് നിർമ്മാണപ്രവർത്തനമാകുമ്പോൾ അതൊരു പൊതു സ്ഥാപനമായി കാണാനാകില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് പറഞ്ഞു. 38ാമത്തെ വയസ്സിൽ ജീവൻ അവസാനിപ്പിക്കുന്നതിനിടയിൽ തന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ നേതാവായിരുന്നു വിദ്വാൻ പി. കേളു നായർ. പി. കൃഷ്ണപിള്ള, കെ. മാധവൻ എന്നിവരൊക്കെ ഹിന്ദി പഠിച്ചത് വിജ്ഞാനദായിനിയിൽ വന്നാണ്.

ഫണ്ട് വന്നിട്ടുണ്ടെങ്കിലും ഭൂമി വാങ്ങാൻ ഫണ്ട് ഉപയോഗിക്കാൻ പാടില്ല. വെള്ളിക്കോത്താണെങ്കിൽ പൊതു സ്ഥലം കണ്ടെത്താനുമില്ല. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്

കെ. സബീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്

വിദ്വാൻ പി. കേളു നായർ വിജ്ഞാനദായിനി ദേശീയ വിദ്യാലയം (ഫയൽഫോട്ടോ)