തളിപ്പറമ്പ്: തളിപ്പറമ്പിനെ മലബാർ ടൂറിസം സർക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ടൂറിസം സാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശ-എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തളിപ്പറമ്പിന്റെ ടൂറിസം വികസനം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
അഞ്ച് കൊല്ലം കൊണ്ട് സംസ്ഥാനത്ത് അഞ്ഞൂറോളം പുതിയ വിനോദസഞ്ചാര മേഖലകൾ കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം വരുന്നതോടെ പഞ്ചായത്തുകൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങൾ ഉണ്ടാവും. പുതുവർഷത്തോടെ ഇത് സാദ്ധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിന്റെ ചരിത്ര, സാംസ്‌കാരിക, കാർഷിക സാദ്ധ്യതകളും, പ്രകൃതി സൗന്ദര്യവും തീർത്ഥാടന സാദ്ധ്യതകളും കണക്കിലെടുത്ത് വിശാലമായ ടൂറിസം പദ്ധതികൾക്ക് സാദ്ധ്യതയുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിൽ നടന്ന അവലോകന യോഗത്തിൽ ആന്തൂർ നഗരസഭാദ്ധ്യക്ഷൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭാദ്ധ്യക്ഷ മുർഷിദ കൊങ്ങായി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സി, ടൂറിസം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
യോഗശേഷം പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മലബാർ റിവർ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായ ബോട്ട് ജെട്ടി, ബാവോട്ട് പാറ, വെള്ളിക്കീൽ കണ്ടൽ പാർക്ക് എന്നിവിടങ്ങൾ മന്ത്രിമാർ സന്ദർശിച്ചു.