തളിപ്പറമ്പ്: റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കുഴികൾ രൂപപ്പെടുന്നത് വരെ കാത്തിരിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ റോഡിനും നിർമ്മാണ ശേഷം പരിപാലന കാലാവധിയുണ്ട്. ഈ കാലയളവിൽ അവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കുണ്ട്. റോഡ് പ്രവൃത്തി സംബന്ധിച്ച റിപ്പോർട്ടുകൾ കൃത്യമായി സമർപ്പിക്കണം. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ, പരിപാലന കാലയളവ് തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തണം. മണ്ഡലത്തിലെ പുതിയ റോഡുകളുടെ സാദ്ധ്യത പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ പരിപാലന കാലാവധിയും കരാറുകാരുടെ വിവരങ്ങളും ഉടൻ പരസ്യപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി.