കാസർകോട്: പെർളടുക്കത്തെ അക്ഷരാർത്ഥത്തിൽ നടക്കുന്ന വാർത്തയായിരുന്നു ഇന്നലെ പുലർച്ചെ പുറത്തുവന്നത്.പൊതുവെ ആരും കുറ്റങ്ങളൊന്നും പറയാത്ത അശോകന്റെ കുടുംബത്തിൽ ഉണ്ടായ അരുംകൊലയുടെ വിവരം ആദ്യമൊന്നും വിശ്വസിക്കാനായില്ല ഈ നാട്ടുകാർക്ക്. കൂലിപ്പണിയെടുത്ത് കിട്ടുന്ന കൂലി ഒന്നാകെ ഭാര്യയുടെ കൈയിൽ കൊണ്ടുപോയി കൊടുക്കുകയും വർഷത്തിൽ ഒന്നിലധികം തവണ വ്രതം പാലിച്ച് ശബരിമലയ്ക്ക് പോകുകയും ചെയ്യുന്ന അശോകന് ഇങ്ങനെയൊരു ക്രൂരത കാട്ടാനാകുമോയെന്ന സംശയമായിരുന്നു അവർക്കെല്ലാം.

അതിക്രൂരമായ രീതിയിലാണ് ഉഷ കൊല ചെയ്യപ്പെട്ടതെന്ന് മൃതദേഹം കണ്ടവർ പറയുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് അശോകനെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കട്ടിലിന്റെ മുകളിൽ കിടത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം താഴേക്ക് വലിച്ചിട്ടു ശരീരം മുഴുവൻ വെട്ടുകയായിരുന്നു. വയറിനും കൈകൾക്കും കാലുകൾക്കും മാരകമായി വെട്ടിയിരുന്നു. കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം . ഉഷയുടെ മൃതദേഹം വെട്ടിനുറുക്കിയ ശേഷം ചാക്കിൽ കെട്ടി പുറത്തേക്ക് കൊണ്ടുപോയി തള്ളാനുള്ള ഉദ്ദേശമായിരിക്കണം പ്രതിയ്ക്കുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ പെർളടുക്കം ടൗണിൽ പട്രോളിംഗ് ഉള്ളത് മുന്നിൽ കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ച് മൃതദേഹം പായയിൽ പൊതിഞ്ഞുകെട്ടിവച്ച ശേഷം വീട് പൂട്ടി ഈയാൾ സ്ഥലംവിട്ടതായിരിക്കുമെന്നാണ് പൊലീസ് നിഗമനം. പുലർച്ചെ അഞ്ചുമണിക്കുള്ള ബസിൽ കയറി കാസർകോട് എത്തിയ ഈയാൾ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസിന്റെ പിടിയിലായത്.

ചെമ്മനാട് തലക്കളായി സ്വദേശിയാണ് കൊല്ലപ്പെട്ട ഉഷ. നേരത്തെ പിണങ്ങി നിന്നിരുന്ന ഇരുവരും ഒരുമിച്ചത് ഒരു വർഷം മുമ്പായിരുന്നു. അശോകൻ ഇങ്ങനെ കൊലചെയ്തത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ പറഞ്ഞു .അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബേഡകം സി .ഐ. ദാമോദരൻ എസ്. ഐ മുരളി എന്നിവരുടെ നേതൃത്വത്തിൽ അശോകനെ ടൗണിലെ ക്വാർട്ടേഴ്സിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഉഷയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും.

പ്ളാറ്റ് ഫോമിൽ നിന്ന് പുകവലിച്ചു; പിടിയിലായി

ട്രെയിനിൽ കയറി രക്ഷപ്പെടുകയെന്ന ഉദ്ദേശത്തോടെ എത്തിയ അശോകനെ പിടികൂടിയത് കാസർകോട് റെയിൽവേ പൊലീസാണ്.

കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പുകവലിക്കുകയായിരുന്ന ഈയാളെ എ.എസ്. ഐ പ്രകാശൻ, എസ് .സി. പി. ഒ മാരായ ഗംഗാധരൻ, ചിത്ര എന്നിവർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ കൈയിൽ ചോരക്കറ കണ്ടതോടെ സംശയം ഇരട്ടിച്ചു. ചോദ്യം ചെയ്യലിൽ ഒന്നും വീട്ടുപറയാതിരുന്നതോടെ ഈയാളെക്കുറിച്ച് നാട്ടിൽ അറിയിക്കുകയായിരുന്നു. കൊലപാതകവാർത്ത പുറത്തുവന്നതോടെ ബേഡകം പൊലീസിനെ ബന്ധപ്പെട്ട റെയിൽവേ പൊലീസ് ഈയാളെ കൈമാറുയായിരുന്നു.റെയിൽവേ പൊലീസിന്റെ സമയോചിത ഇടപെടലിനെ ബേക്കൽ ഡിവൈ. എസ്.പി സി.കെ സുനിൽകുമാർ പ്രശംസിച്ചു.