
കണ്ണൂർ: സി.പി. എം പുറത്താക്കിയ മുൻ ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ സി.പി. ഐയിൽ ചേർന്നതിനെ ചൊല്ലി ഇരുകക്ഷികളും തമ്മിലുള്ള പോര് മുറുകുന്നു. മുരളീധരൻ സി.പി. ഐയിൽ ചേർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ സി.പി. എം നടത്തിയ പൊതുയോഗത്തിൽ സി.പി. ഐക്കെതിരെ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെ സി.പി. ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ ഇന്നലെ പരസ്യമായി രംഗത്ത് വന്നു.
പണ്ടോറപ്പെട്ടി തുറക്കാതിരിക്കുന്നതാണ് നല്ലത്. എം വി ജയരാജന്റെ പ്രസ്താവന ഗൗരവത്തിൽ എടുക്കുന്നില്ല സി.പി.ഐടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും.മാന്ധംകുണ്ടിൽ സി.പി.ഐ സ്ഥാപിച്ച പതാക അവിടെത്തന്നെ ഉണ്ടാകും.വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം സംസ്ഥാനതലത്തിൽ ഇടതുമുന്നണിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് എം.വി.ജയരാജൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നടപടി എടുത്തവരെ സ്വീകരിക്കുകയെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് യോജിച്ച നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.