കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു. കക്കാട് കൊറ്റാളിയിലെ പുനത്തിൽ വീട്ടിൽ രവീന്ദ്രനാണ് (69) ഭാര്യ പ്രവിത (63),മകൾ റനിത (30) എന്നിവരെ വെട്ടിപരിക്കേൽപ്പിച്ചത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവീന്ദ്രനും പരിക്കുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം.
തലക്കും ദേഹത്തും മുറിവേറ്റ് ചോരവാർന്ന നിലയിലാണ് കണ്ണൂർ ടൗൺ പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാക്കുതർക്കത്തിനൊടുവിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പ്രവിതയും മകളും നൽകിയ പരാതി. കൈക്കാലുകൾക്ക് പരിക്കേറ്റ നിലയിലാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ പ്രവാസിയായിരുന്ന രവീന്ദ്രൻ നാട്ടിലെത്തിയത് മുതൽ കുടുംബവുമായി അകൽച്ചയിലായിരുന്നു. ഇദ്ദേഹം മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്നാരോപിച്ച് പ്രവിതയും മക്കളും പൊലീസ് സംരക്ഷണത്തിനായി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് അക്രമം നടന്നത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.