
കാസർകോട്: കേരള-കർണ്ണാടക അതിർത്തി ഗ്രാമങ്ങളിൽ നിലനിൽക്കുന്ന കടുത്ത ജാതി വിവേചനത്തിൽ ശിവഗിരി മഠം ഇടപെടുന്നു.
ദളിതർക്കും മറ്റു പിന്നോക്ക ജാതി വിഭാഗങ്ങൾക്കും ക്ഷേത്രങ്ങളിലും പൊതു ഇടങ്ങളിലും പ്രവേശനം നിഷേധിക്കുന്നത് ആധുനിക സമൂഹത്തിന് നിരക്കുന്നതല്ലെന്നും നിയമവിരുദ്ധമായ ഇത്തരം ഏർപ്പാടുകൾ തടയാൻ ഭരണാധികാരികൾ ഇടപെടണമെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ 'കേരള കൗമുദി'യോട് പറഞ്ഞു. കാസർകോട് അതിർത്തി പ്രദേശങ്ങളിലെ ജാതീയമായ വിവേചനം പുറത്തുകൊണ്ടുവന്ന 'വെളിച്ചമില്ലാത്ത അതിർത്തി വഴികൾ' പരമ്പരയോട് പ്രതികരിക്കുകയായിരുന്നു സ്വാമി സച്ചിതാനന്ദ.
കാസർകോടും കർണ്ണാടകവും തമ്മിൽ സന്ധിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോഴും അയിത്തം ചില സമുദായങ്ങൾ തമ്മിൽ പാലിക്കുന്നതായി അറിയുന്നു. ഇത് നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ്. അയിത്തം കുറ്റകരമായി ഭരണഘടനയും അനുശാസിക്കുന്നുണ്ട്.
ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക അദ്ധ്യാത്മിക വിപ്ലവം സവർണ്ണരുടെ കണ്ണുകൾ തുറപ്പിക്കുകയും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്ഷേത്ര പ്രവേശനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മലബാറിന്റെ ഭാഗമായിട്ടുള്ള കാസർകോട് ചില പ്രദേശങ്ങളിൽ കാണുന്ന അയിത്താചരണം തീർച്ചയായും ഇല്ലാതാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഗവണ്മെന്റിന്റെ സത്വരമായ ശ്രദ്ധ പതിയണമെന്ന് ശിവഗിരി മഠം അഭിപ്രായപ്പെടുന്നു.
സവർണ്ണന്റെ വിലക്ക് ലംഘിച്ചു കീഴ്ജാതിക്കാർ ഉൾപ്പെടെയുള്ളവർ അത്തരം ക്ഷേത്രങ്ങളിൽ കയറി അവകാശങ്ങൾ നേടിയെടുക്കുന്ന ശക്തമായ സമരങ്ങൾ ഉയർന്നുവരണം. ക്ഷേത്രപ്രവേശനം കിട്ടുന്നതുവരെ സമരം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. എല്ലാ ജാതിക്കാർക്കും അവരവരുടെ അവകാശങ്ങൾ സംരക്ഷിച്ചു നൽകാനും മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും ഭരണാധികാരികൾക്കും ഉത്തരവാദിത്വമുണ്ട്. ജാതിയുടെ പേരിലുള്ള അനീതിക്കെതിരെ നടക്കുന്ന പോരാട്ടത്തിൽ പങ്കെടുക്കാൻ കാസർകോട്ടു വരാനും ഒരുക്കമാണ്. കാസർകോട് എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തി അവരുടെ കൂടി സഹകരണത്തോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാമെന്നും സച്ചിതാനന്ദ സ്വാമി കൂട്ടിച്ചേർത്തു.
സ്വാമിക്ക് ബദിയഡുക്കയിലേക്ക് സ്വാഗതം: എ.ടി വിജയൻ
കാസർകോട് അതിർത്തിയിലെ ബദിയടുക്ക, എൻമകജെ, ബെള്ളൂർ പഞ്ചായത്തുകളിലെ ജാതിയുടെയും ആചാരങ്ങളുടെയും പേരിൽ നടക്കുന്ന അനീതിയും അന്ധവിശ്വാസങ്ങളും ഇല്ലായ്‌മ ചെയ്യുന്ന ദൗത്യം ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമിയെ കാസർകോട്ടേക്ക് സ്വാഗതം ചെയ്യുന്നതായി എസ്.എൻ.ഡി.പി യോഗം കാസർകോട് യൂണിയൻ വൈസ് പ്രസിഡന്റ് എ.ടി വിജയൻ പറഞ്ഞു. ജാതിവിവേചനത്തിന് അറുതി വരുത്താൻ ഈ നാട്ടിലെ ശ്രീനാരായണ സമൂഹം സച്ചിതാനന്ദ സ്വാമിക്കും ശിവഗിരി മഠത്തിനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.