കണ്ണൂർ: കോഴി അറവ് മാലിന്യംകൊണ്ടുള്ള തലവേദനയിൽ നിന്ന് കണ്ണൂർ ജില്ലയ്ക്ക് മുക്തി. മാലിന്യസംസ്‌കരണത്തിൽ ആധുനിക സംവിധാനവുമായി ജില്ലാ ഭരണകൂടം. രാജ്യത്തെ തന്നെ ആദ്യ അറവ് മാലിന്യമുക്ത ജില്ലയെന്ന ബഹുമതി ഇതോടെ കണ്ണൂരിന് സ്വന്തമാകും. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവയുടെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് മാലിന്യ സംസ്‌കരണത്തിൽ പുതിയൊരു ചുവടുവയ്പ്പിന് തുടക്കമിടുന്നത്.
എട്ട് കോടി രൂപ ചെലവിൽ മട്ടന്നൂരിൽ നിർമ്മിച്ച അറവുമാലിന്യ സംസ്കരണ പ്ളാന്റിന്റെ ഉദ്ഘാടനവും അറവുമാലിന്യ മുക്ത ജില്ലയുടെ ഔദ്യോഗിക പ്രഖ്യാപനവും ജനുവരി ആദ്യം നടക്കും. മട്ടന്നൂരിനുപുറമെ പാപ്പിനിശ്ശേരിയിലും പ്ളാന്റ് ഒരുക്കുന്നുണ്ട്. മട്ടന്നൂർ പ്ലാന്റിൽ പ്രതിദിനം 35 ടൺ മാലിന്യം സംസ്‌കരിക്കാം. പാപ്പിനിശ്ശേരിയിലേതിന് 9 ടൺ ശേഷിയുണ്ടാകും.
ജില്ലയിലുണ്ടാകുന്ന മാലിന്യത്തിന്റെ കണക്കെടുപ്പ് തുടങ്ങി കഴിഞ്ഞു. പ്രഖ്യാപനത്തിനു മുമ്പ് മുഴുവൻ മാലിന്യവും പ്ളാന്റുകളിൽ സംസ്‌കരിക്കുമെന്ന് ഉറപ്പുവരുത്തും. മട്ടന്നൂരിലെ പ്ലാന്റുമായി ഇതുവരെ 55 പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോർപ്പറേഷനും എഗ്രിമെന്റ് വച്ചു കഴിഞ്ഞു. ബാക്കിയുള്ളവ തദ്ദേശസ്ഥാപനങ്ങൾ ഈയാഴ്ച തന്നെ എഗ്രിമെന്റ് വയ്ക്കും. പാപ്പിനിശ്ശേരി പ്ലാന്റുമായി ഏഴ് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ധാരണാ പത്രം ഒപ്പിട്ടു.
പ്രതിദിന കോഴി അറവ് മാലിന്യം
സംസ്ഥാനത്ത് 1050ടൺ
കണ്ണൂരിൽ 30ടൺ
കോഴിക്കടകൾ
സംസ്ഥാനത്ത് 16000
കണ്ണൂരിൽ 1300
മാലിന്യം വഹിക്കാൻ ജലാശയങ്ങൾ
നിലവിലെ സാഹചര്യത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയ രീതിയിൽ സംസ്‌കരിക്കുന്നില്ല. സ്വകാര്യ ഏജൻസികൾ ശേഖരിക്കുന്നുണ്ടെങ്കിലും മാലിന്യം ആളൊഴിഞ്ഞ പറമ്പിലും പുഴകളിലും കനാലുകളിലും തള്ളുകയാണ്.
കിലോയ്ക്ക് 7 രൂപ നിരക്കിൽ ശേഖരണം
മാംസ വില്പന കടകളിൽ നിന്നും സ്വകാര്യ കമ്പനികളും ഏജൻസികളും മാലിന്യം ശേഖരിക്കുന്നത് കിലോയ്ക്ക് ഏഴുരൂപ വരെ ഈടാക്കിയാണ്. ഉത്സവ സീസണിൽ കിലോക്ക് 12 രൂപ മുതൽ 15 രൂപ വരെ ഈടാക്കുന്നതും പതിവാണ്.
കോഴി ഇറച്ചി വില്പന കടകൾ ഫുഡ് സേഫ്റ്റി മാനദണ്ഡമനുസരിച്ച് നവീകരിക്കണം. മാലിന്യ ശേഖരണവും സംസ്‌കരണവും മോണിട്ടറിംഗ് കമ്മിറ്റി വിലയിരുത്തും. ഒരു കി.ഗ്രാം മാലിന്യം പോലും ഇനി വലിച്ചെറിയാനിടയാകരുത്.
ഡോ. പി.വി. മോഹനൻ,
മോണിട്ടറിംഗ് കമ്മിറ്റി അംഗം