പദ്ധതി വന്നത് 1956ൽ
അന്നുണ്ടായ വീടുകൾ 56
നിലവിലുള്ള വീടുകൾ 400
നീലേശ്വരം: മദ്രാസ് സർക്കാറിന്റെ കാലത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി വഴി ഇന്നും ഉപഭോക്താക്കൾക്ക് കിട്ടുന്നത് ഉപയോഗശൂന്യമായ വെള്ളം.
നീലേശ്വരം നഗരസഭയിലെ 23, 24, 26, 28 വാർഡുകളിലെ ഉപഭോക്താക്കൾക്ക് കുടിവെള്ളം എത്തിക്കാനാണ് 1956 ൽ കടിഞ്ഞിമൂലയിൽ കിണറും ടാങ്കും സ്ഥാപിച്ചത്. അന്ന് 56 വീടുകളുണ്ടായിടത്ത് ഇന്ന് 400 ലധികം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ നിലവിലുള്ള കിണറിൽ വർഷം തോറും വെള്ളം കുറഞ്ഞു വരികയുമാണ്. കടിഞ്ഞിമൂലയിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കാകട്ടെ ഏതു നിമിഷവും തകരാൻ പാകത്തിലുമാണ്.
നിലവിലുള്ള കിണറിലെ വെള്ളം വർഷംതോറും പരിശോധിക്കാറുണ്ടെങ്കിലും ഇത് കുടിക്കാൻ പറ്റാത്തതാണെന്നാണ് തെളിയുന്നത്. പുറത്തെക്കൈ ദ്വീപടക്കുള്ള പ്രദേശത്തേക്കും ഇതേ വെള്ളമാണ് ഉപയോഗിക്കുന്നത്. പുറത്തെകൈയിൽ നഞ്ച് കലർന്ന വെള്ളത്തിൽ വസ്ത്രം അലക്കിയാൽ പ്രത്യേകം നിറം പ്രത്യക്ഷപ്പെടുന്നതിനാലാണ് വേനലിലും മഴക്കാലത്തും ഈ പ്രദേശത്തുള്ളവർ നിലവിലുള്ള കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. മറ്റ് വെള്ളം ഒന്നും കിട്ടാത്തതിനാൽ ഇവർ കിട്ടുന്ന വെള്ളത്തിൽ സംതൃപ്തിപ്പെടുകയാണ്.
മാറിമാറി വരുന്ന ഭരണാധികാരികളോട് പ്രദേശവാസികൾ കുടിവെള്ള പ്രശ്നത്തിന് മറ്റൊരു പോംവഴി കാണണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
പുറത്തെക്കൈ പ്രദേശത്തെ കിണറുകളിലെ വെള്ളം വസ്ത്രം അലക്കാൻ വരെ കഴിയില്ല. ഇവിടത്തെ ഗൾഫ് കൂട്ടായ്മയുടെ സാമ്പത്തിക സഹായത്തോടെ വണ്ടിയിൽ വെള്ളം കൊണ്ടുവന്നാണ് കുടിവെള്ളത്തിന് ചെറിയൊരു പരിഹാരം കാണുന്നത്.
എം. ഭരതൻ, കൗൺസിലർ, പുറത്തെക്കൈ വാർഡ്