കാഞ്ഞങ്ങാട്: വെറ്ററിനറി സർവ്വകലാശാലയും മൃഗസംരക്ഷണ വകുപ്പും സ്വരച്ചേർച്ചയിലെത്താത്തതുകൊണ്ട് മടിക്കൈയിൽ പ്രഖ്യാപിച്ച മാംസ സംസ്‌കരണ പദ്ധതി തുലാസിൽ.

ഒന്നാം പിണറായി സർക്കാറാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽപെട്ട മടിക്കൈയിൽ വിപുലമായ മാംസ സംസ്‌കരണ പദ്ധതി പ്രഖ്യാപിച്ചത്. പ്രവാസികളാകേണ്ടി വന്ന ആയിരത്തോളം യുവാക്കൾക്ക് നേരിട്ടും അതിലേറെ പേർക്ക് പരോക്ഷമായും നാട്ടിൽ തന്നെ തൊഴിൽ ലഭ്യമാക്കുന്ന ബൃഹത്പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. 2017-18ലെ ബഡ്ജറ്റിൽ സർക്കാർ 30 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. വെറ്റിനറി സർവകലാശാല ഏറ്റെടുത്ത് സ്‌പെഷ്യൽ ഓഫീസറുടെ കീഴിൽ കമ്മിറ്റിയുണ്ടാക്കി. തുടർന്ന് കാഞ്ഞിരപ്പൊയിലിലെ 90 ഏക്കറിൽ മാംസ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമെടുത്തു. 20 ഏക്കർ നേരിട്ടും ബാക്കി ലീസിനും കൊടുക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ വെറ്ററിനറി സർവകലാശാലയ്ക്ക് പകരം തങ്ങൾ നടത്താമെന്നുപറഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഉടക്കിട്ടതാണ് പദ്ധതിയിൽ കല്ലുകടിയായത്.
2018-19ൽ പത്ത് കോടി രൂപ ബഡ്ജറ്റിൽ വച്ച് 20 ശതമാനം തുക ഫണ്ടും അനുവദിച്ചു.സർക്കാർ പ്രത്യേക താത്പര്യമെടുത്ത് തുടങ്ങാനിരുന്ന പദ്ധതിക്ക് ജില്ലാ കളക്ടറായിരുന്ന ഡോ. ഡി. സജിത് ബാബു അനുകൂലമായ റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥർ പദ്ധതിയിൽ നിന്ന് കൈയൊഴിഞ്ഞു.

പദ്ധതി ഇങ്ങനെ

കർഷകരിൽ നിന്ന് ആട്, കോഴി, പന്നി തുടങ്ങിയവയെ വാങ്ങി സംസ്‌കരിച്ച് കണ്ണൂർ വിമാനത്താവളം വഴി കയറ്റുമതി ചെയ്യുകയായിരുന്നു ഉദ്ദേശം. ഭാവിയിൽ പ്രാദേശികമായി 20 സൊസൈറ്റികൾ രൂപീകരിച്ച് 5000 കോടിയുടെ ബൃഹത്പദ്ധതിയായി വളർത്താനും ലക്ഷ്യമിട്ടു. ഒരു കോളേജും ലക്ഷ്യമിട്ടിരുന്നു

കഴിവുകെട്ട ഉദ്യോഗസ്ഥ ലോബി എല്ലാം അട്ടിമറിക്കുകയായിരുന്നു

മുൻ പഞ്ചായത്ത് പ്രസിഡന്റ് സി, പ്രഭാകരൻ