തളിപ്പറമ്പ്: വീടിന്റെ വാതിൽ പൊളിച്ച് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് കൊണ്ടുപോയി. ഇന്നലെ പുലർച്ചെ 3 മണിയോടെ ചിറവക്കിലെ ജെ.കെ.എസ്.റസിഡൻസി ലോഡ്ജിന് എതിർവശത്താണ് സംഭവം. നടുവിലിലെ കാക്കനാട്ട് മോളി ജോസിന്റെ രണ്ടേമുക്കാൽ പവന്റെ സ്വർണമാലയാണ് നഷ്ടമായത്.

മുൻഭാഗത്തെ വാതിലാണ് തകർത്തത്. ഭർത്താവും മക്കളും ഒരു റൂമിലും മോളിയും അമ്മയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ഫാൻ ശബ്ദത്താൽ വാതിൽ തകർക്കുന്ന ശബ്ദം കേട്ടില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന മോളിയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുമ്പോഴാണ് ഉറക്കമുണർന്നത്. മാലപൊട്ടിക്കുന്നതിനിടെ മോളി ജോസിന്റെ കഴുത്തിന് പരിക്കേറ്റു. ബഹളം വച്ചപ്പോഴേക്കും മോഷ്ടാവ് പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഉടൻ തളിപ്പറമ്പ് പൊലീസിൽ അറിയിച്ചതുപ്രകാരം പൊലീസെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിലെ നഴ്സാണ് മോളി ജോസ്‌.