photo
സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പഴയങ്ങാടിയിൽ നടന്ന വിളംബര ജാഥ

പഴയങ്ങാടി: ചുവപ്പണിഞ്ഞ് മനോഹരമായിരിക്കുകയാണ് എരിപുരം. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ചരിത്രമാക്കാനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ഇതാദ്യമായി ജില്ലാസമ്മേളനം എത്തുമ്പോൾ ആവേശത്തിലാണ് നാട്ടിലെ പ്രവർത്തകർ.

സമരപോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളാലും, കൊടിതോരണങ്ങളാലും അലങ്കൃതമാണ് പായോരങ്ങൾ. എരിപുരത്തേക്കെത്തുന്ന എല്ലാ ഉൾനാടൻ റോഡുകളും ഊടുവഴികൾ പോലും ചുവപ്പു കൊണ്ടു നിറഞ്ഞു. ജില്ലയിലെ പ്രമുഖരായ 52 ചിത്രകാരന്മാരാണ് ചിത്രകാര കൂട്ടായ്മയിൽ പങ്കെടുത്തത്. രണ്ട് മാസം മുമ്പ് തന്നെ സംഘാടക സമിതി രൂപീകരിക്കുകയും ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ദേശീയ നേതാക്കളുൾപ്പടെ നിരവധി പേർ എരിപുരത്തും സമീപ പ്രദേശങ്ങളിലും അനുബന്ധ പരിപാടികൾക്ക് എത്തി. പൊളിറ്റ്ബ്യൂറോ അംഗം ഹനൻമുള്ള ആയിരുന്നു കർഷകസംഗമം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ട്രേഡ് യൂണിയൻ സമ്മേളനം, വനിതാസംഗമം, യുവജന വിദ്യാർത്ഥി സംഗമം, കുട്ടികളുടെ കൂടിച്ചേരൽ, പ്രവാസി സംഗമം, വിവിധ സെമിനാറുകൾ ഉൾപ്പെടെ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾക്ക് ഇടയിലും നല്ല പങ്കാളിത്തം ആയിരുന്നു.

എം.എ ബേബി, പി.കെ ശ്രീമതി, കെ.കെ ശൈലജ , എളമരം കരീം, തോമസ് ഐസക്ക്, എം.വി ഗോവിന്ദൻ, സി.എസ് സുജാത, എ.എ റഹീം, എം. സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ ബിജു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

പ്രതിനിധി സമ്മേളനം പത്തിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബാന്റ് മേളങ്ങളും വർണബലൂണുകളും ചെമ്പതാകകളും മുത്തുക്കുടകളുമേന്തി സമ്മേളനത്തിനു മുന്നോടിയായി പഴയങ്ങാടിയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര നടന്നു. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ ഒ.വി നാരായണൻ, പി.പി ദാമോദരൻ, എം. വിജിൻ എം.എൽ.എ, ഏരിയ സെക്രട്ടറി കെ. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. നീലാംബരി ഓർക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു. പഴയങ്ങാടിയിൽ സി.വി ദാമോദരൻ നഗറിൽ സാംസ്‌കാരികോത്സവവും ചിന്ത പുസ്‌കോത്സവവും കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.