കൂത്തുപറമ്പ്: നിടുംപൊയിൽ- കൂത്തുപറമ്പ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. തൊക്കിലങ്ങാടി മുതൽ കൈച്ചേരി വരെയുള്ള 10 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ റീടാറിംഗ് ചെയ്ത് നവീകരിക്കുന്നത്.13 വർഷം മുൻപാണ് കൂത്തുപറമ്പ് നിടുംപൊയിൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിച്ചത്. ഏഴ് മീറ്റർ വീതിയിലായിരുന്നു അന്തർസംസ്ഥാന പാതയുടെ നവീകരണം. എന്നാൽ കാലപ്പഴക്കത്തെ തുടർന്ന് പ്രധാന റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവിലാണ് നവീകരണം. ചിറ്റാരിപ്പറമ്പ് ടൗൺ, മാനന്തേരി ,കൈതേരി എന്നിവിടങ്ങളിൽ റോഡിനിരുവശവും കോൺക്രീറ്റും ചെയ്യും. പതിനാലാം മൈലിലെ ഡിവൈഡറും ശാസ്ത്രീയമായി പുനർനിർമ്മിക്കുന്നുണ്ട്. പേരാവൂരിലെ കെ.കെ.ഗ്രൂപ്പാണ് റീടാറിംഗ് പ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ളത്.