കാസർകോട്: കുമ്പള ടൗണിൽ കഞ്ചാവ് ലഹരിയിൽ പരാക്രമം. ഒരാൾക്ക് കുത്തേറ്റു. മറ്റൊരാളെ കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേൽപ്പിച്ചു. വൈകിട്ട് ആറു മണിയോടെ ബസ് സ്റ്രാൻഡിന് മുൻവശത്തെ സ്‌കൂൾ റോഡിലാണ് സംഭവം. ലഹരിയിലെത്തിയ രണ്ട് പേർ സംസാരിക്കുന്നതിനിടെ വാക്കുതർക്കത്തിലേർപ്പെടുകയും അതിനിടെ പരാക്രമം നടത്തുകയുമായിരുന്നു.
തർക്കത്തിനിടെ ഒരാളുടെ കഴുത്തിലാണ് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് കുത്തിയയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം കൂലിത്തൊഴിലാളിയായ ഒരു മദ്ധ്യവയസ്‌കനെ ഇതേ സ്ഥലത്ത് വച്ച് ലഹരിക്കടിമയായ ഒരാൾ കല്ലുകൊണ്ട് തലക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സ്‌കൂൾ റോഡിൽ കഞ്ചാവും കർണാടക നിർമ്മിത മദ്യവും വിൽപ്പന നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി വ്യാപാരികൾ പറയുന്നു. കൂലിപ്പണി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് പ്രധാന വിൽപ്പന. ഒരു സംഘം രാവിലെ തന്നെ ഇവിടെയെത്തി കടവരാന്തയിലിരുന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെയടക്കം ശല്യം ചെയ്യുന്നതായി പരാതിയുണ്ട്.