കാസർകോട് : കാസർകോട് നഗരത്തിലെയും പരിസരങ്ങളിലേയും കടകളിൽ ഉൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന മൊത്ത വ്യാപാരിയെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബീരന്ത വയൽ സ്വദേശി മുന്ന പ്രസാദ് ചൗധരിയെ (52) കാസർകോട് ടൗൺ എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും ആണ് പിടികൂടിയത്. ഇയാളിൽനിന്ന് 2555 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ സി എൽ കോംപ്ലക്സിലെ അടച്ചിട്ട ഷട്ടറിനുള്ളിൽ ആണ് ഇവ വിതരണത്തിനായി സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ ഗോവണിക്കടിയിൽ കട നടത്തിയാണ് അതിന്റെ മറവിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ് വരുന്നത്. ഉത്തരേന്ത്യയിൽനിന്ന് 25 വർഷം മുമ്പ് കാസർകോട്ടെത്തിയ ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി മൊത്തവ്യാപാരിയായി മാറിയതാണെന്ന് പൊലീസ് പറഞ്ഞു.