കണ്ണൂർ: നല്ല വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച വിത്ത് പത്തായം നോക്കുകുത്തിയായി. അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വിത്ത് പത്തായം സ്ഥാപിച്ചത്. എന്നാൽ പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും വൈൻഡിംഗ് മെഷിൻ പണി മുടക്കുകയായിരുന്നു. ഇതോടെ ഇത് അടച്ചിടുകയായിരുന്നു. 10 രൂപ നിക്ഷേപിച്ചാൽ ആവശ്യമുള്ള വിത്തിനം ലഭിക്കുന്ന രീതിയിലുള്ള വൈൻഡിംഗ് മെഷിനാണ് വിത്തുപത്തായം. പണം നിക്ഷേപിച്ചതിനു ശേഷം ആവശ്യമായ വിത്തിന്റെ കോഡ് രേഖപ്പെടുത്തിയാൽ വിത്ത് ആവശ്യക്കാരന്റെ കൈയിലെത്തുന്ന രീതിയിലായിരുന്നു ഇതിലെ സജ്ജീകരണം.
8.4 ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കിയത്. കരിമ്പം ഫാമിൽ നിന്നാണ് അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ എത്തിച്ചിരുന്നത്. ചീര, പയർ, വഴുതന, മത്തൻ, കുമ്പളം തുടങ്ങി 16 ഓളം വിത്തിനങ്ങളാണു പത്തായത്തിലുള്ളത്. 40 ഇനം വിത്തുകൾ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലായിരുന്നു പത്തായ നിർമാണം. ആവശ്യാനുസരണം പത്തിന്റെയോ ഇരുപതിന്റെയോ നോട്ടുകൾ പത്തായത്തിൽ നിക്ഷേപിച്ചാൽ വിത്തു ലഭിക്കും. എന്നാൽ പദ്ധതി ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും പണം മെഷീൻ എടുക്കാതായി. 2019 മാർച്ച് ഏഴിനാണ് ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം വിത്ത് പത്തായത്തിന്റെ പ്രവർത്തനം തുടങ്ങിയത്. ജില്ലാ ആശുപത്രി, മൃഗാശുപത്രി എന്നിവയ്ക്കു സമീപവും മുഴുവൻ സമയ വിത്തു വിൽപന യന്ത്രം സ്ഥാപിച്ചിട്ടുണ്ട്.