ajanur-beach
ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ പണിയുന്ന അജാനൂർ കടപ്പുറം

കാഞ്ഞങ്ങാട്: നടുക്കടലിൽ തിരമാലകളോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികൾക്കായി അജാനൂർ കടപ്പുറത്ത് ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ ഒരുങ്ങുന്നു. ചുമരുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കെട്ടിടം ഫെബ്രുവരിയോടെ ഉദ്ഘാടനം ചെയ്യാനാകുമെന്ന് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് പറഞ്ഞു. 94 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയ കെട്ടിടത്തിന് 77 ലക്ഷം രൂപയ്ക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്.

ഇവിടെ മത്സ്യങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനടക്കം സൗകര്യമുണ്ടാകും. വലകെട്ടാനും കേടുപാടുകൾ തീർക്കാനും വിശ്രമിക്കാനും ഇതിനകത്ത് സാധിക്കും. ഇവിടേക്കെത്തുന്ന വാഹനങ്ങൾക്കും പാർക്ക് ചെയ്യാനാകും. കാഞ്ഞങ്ങാട് നഗരസഭയോട് അതിർത്തി പങ്കിടുന്ന സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ഇതോടെ ഇരുപ്രദേശങ്ങളിലെയും മത്സ്യബന്ധന തൊഴിലാളികൾക്ക് ആശ്വാസമാകും.

784 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ

ആറു വർഷം മുൻപ് പഞ്ചായത്ത് ഭരണസമിതി കൊടുത്ത നിർദ്ദേശത്തിലാണ് ഇപ്പോൾ നടപടിയായത്. കടൽഭിത്തിയോട് ചേർന്ന് പണിയുന്ന കെട്ടിടമായതിനാൽ തൊഴിലാളികൾക്ക് ഏറെ ഉപകാരപ്പെടും. അജാനൂരിൽ മാത്രം 784 മത്സ്യ തൊഴിലാളി കുടുംബങ്ങൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 91 അനുബന്ധ തൊഴിലാളികളും 79 യന്ത്രവത്കൃത യാനങ്ങളും 8 നാടൻവള്ളങ്ങളുമുണ്ട്. അജാനൂരിൽ ഹാർബർ കൂടി വരുന്നതോടെ യൂട്ടിലിറ്റി സെന്ററിന്റെ പ്രസക്തി വർദ്ധിക്കും.