നാളെ മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ നിന്നൊരു ജില്ലാ കളക്ടർ എന്ന ലക്ഷ്യവുമായി എം.പി. ജോസഫ്സ് ജ്ഞാന കേന്ദ്ര ഫെബ്രുവരി മാസം മുതൽ തൃക്കരിപ്പൂരിൽ പ്രവർത്തനമാരംഭിക്കുമെന്ന് മുൻ ഐ.എ.എസ് ഓഫീസറും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.പി. ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഒരു വാഗ്ദാനമാണ് തൃക്കരിപ്പൂരിൽ സിവിൽ സർവീസ് അക്കാഡമിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഐ.എ.എസ്, ഐ.പി.എസ്, സിവിൽ സർവീസ് തുടങ്ങിയ പരീക്ഷകളിൽ വിജയം നേടുന്നതിനും, യു.എൻ പോലുള്ള അന്താരാഷ്ട്ര സംഘടനകളിലും ജോലി ലഭിക്കുന്നതിനും മറ്റു മത്സര പരീക്ഷകളിൽ വിജയമുറപ്പാക്കാനും നാല് ഘട്ടങ്ങളിലായി പരിശീലനം നൽകുമെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ ലേബർ ഉപദേഷ്ടാവുമായിരുന്ന എം.പി. ജോസഫ് പറഞ്ഞു. ആദ്യഘട്ടം 5 മുതൽ 10 വരെ ക്ലാസുകളിൽ (യുപി, ഹൈസ്‌കൂൾ) പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫൗണ്ടേഷൻ കോഴ്സാണ്. പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾക്കും ബിരുദ- ബിരുദാനന്തര പ്രഫഷണൽ വിദ്യാർത്ഥികൾക്കും ഇതിന് ശേഷം സിവിൽ സർവീസ് പരീക്ഷ ഉടൻ എഴുതുന്നവർക്കും പരിശീലനം തൃക്കരിപ്പൂരിൽ ആരംഭിക്കും.
എം.പി.ജോസഫിന്റെ ഉത്തരവാദിത്വത്തിലും മേൽനോട്ടത്തിലുമാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രമുഖരായ ജിന്റോ മാത്യു, നിതിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ പരിശീലകരാണ് ക്ലാസുകൾ നയിക്കുക. ഐഎഎസ് ടെയിനിംഗിൽ പ്രമുഖരായ റേസ് ടു എക്സലൻസ് സ്ഥാപനത്തിന്റെ ഭാഗമായ റേസ് ടു ഐ.എ.എസ് എന്ന ടീമുമായി പരിശീലന സംബന്ധമായ കാര്യങ്ങളിൽ കരാർ നൽകി കഴിഞ്ഞു. 2028-29 വർഷത്തിൽ തൃക്കരിപ്പൂരിൽ നിന്നൊരു ജില്ലാ കളക്ടർ എന്ന വിഷനാണ് ഇത്തരമൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. തൃക്കരിപ്പൂർ പൂച്ചോലിലെ കാര്യത്ത് ആർക്കേഡിലാണ് എം.പി.ജോസഫ്സ് ജ്ഞാൻ കേന്ദ്ര എന്ന രജിസ്‌ട്രേഡ് കമ്പനിയുടെ സിവിൽ സർവീസ് പരിശീലന സ്ഥാപനം പ്രവർത്തിക്കുന്നത്. നാളെ മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ തൃക്കരിപ്പൂർ, വലിയപറമ്പ്, പിലിക്കോട്, പടന്ന, ചെറുവത്തൂർ, കരിവെള്ളൂർ പെരളം പഞ്ചായത്തുകളിലെയും പയ്യന്നൂർ മുൻസിപ്പാലിറ്റി പരിധിയിലെയും വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് തൃക്കരിപ്പൂരിൽ കേന്ദ്രമാരംഭിക്കുന്നത്. 55 പേരുള്ള ബാച്ചുകളാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുക. ഇതിൽ തികച്ചും നിർദ്ധനരായ പഠന മികവുള്ള 5 കുട്ടികൾക്ക് ഫീസിളവ് നൽകും. പെരിയ കല്യോട്ടെ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി അമൃതയുടെ പഠന സഹായം ജ്ഞാന കേന്ദ്രയുടെ ഉദ്ഘാടന വേളയിൽ കൈമാറും. ഇ.എം. സോജുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.