മാഹി: മാഹിയിൽ മാത്രം നടപ്പാക്കാതിരുന്ന 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിനു കീഴിലുള്ള റേഷൻ സംവിധാനം മയ്യഴിയിൽ അടിയന്തരമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മയ്യഴിയിൽ എ.പി.എൽ. റേഷൻ കാർഡുകളിൽ നിന്നും മുഴുവൻ അർഹരായവരെയും കണ്ടെത്താനായുള്ള പ്രാദേശിക സർവേ ഉടൻ നടത്തും. പുതുച്ചേരിയിൽ നിന്നും ഈ കാര്യത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിലാണ് മാഹിയിൽ ഇന്നലെ രമേശ് പറമ്പത്തിന്റെ സാന്നിദ്ധ്യത്തിൽ മുഴുവൻ അംഗീകൃത രാഷ്ട്രീയ പാർട്ടി
നേതാക്കളെയും വിളിച്ച് ചേർത്ത് റിജ്യണൽ അഡ്മിനിസ്‌ട്രേറ്റർ യോഗം വിളിച്ചു ചേർത്തത്.
സർവേ ഉടൻ നടത്തി പദ്ധതി എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കാൻ യോഗം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. മാഹിയിലെ ഉയർന്ന ഭൗതിക ജീവിത സാഹചര്യം, സാമ്പത്തിക നിലവാരമുള്ളവർ എന്ന നിലയിൽ ഈ കാര്യത്തിൽ പരിഗണിക്കപ്പെടരുതെന്നും, ഒരു ദേശത്തിന്റെ കാലങ്ങളായുള്ള ഉയർന്ന ഭൗതിക ജീവിത സാഹചര്യം മുഴുവനാളുകളും സാമ്പത്തികമായി സുരക്ഷിതരാണെന്ന നിലയിൽ ഉദ്യാഗസ്ഥർ കാണാൻ പാടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നാട്ടുകാരുടെ സാമ്പത്തികമായ പ്രയാസങ്ങൾ പരിഗണിക്കാനുള്ള വിവേചനം ഉദ്യോഗസ്ഥർ കാണിക്കണമെന്ന് എം.എൽ.എ യോഗത്തിൽ അഭിപ്രായപ്പെട്ടു.
പബ്ലിക്ക് ഓഡിറ്റിംഗിനായി സർവ്വേയുമായി ബന്ധപ്പട്ട നിയമാവലികൾ മുഴുവൻ അങ്കണവാടികളിലും പ്രദർശിപ്പിക്കാനും, കോപ്പി രാഷ്ട്രീയ കക്ഷിനേതാക്കൾക്ക് നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.
ഈ പദ്ധതി പുതുശേരിയുടെ മറ്റു ഭാഗങ്ങളിൽ 50 ശതമാനത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമാകുന്നുണ്ട് എന്നത് നാം മനസ്സിലാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. കൂടുതൽ വേഗത്തിൽ നടപടികൾ തീർപ്പാക്കാനും പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചുവെന്നും യോഗത്തിനു ശേഷം എം.എൽ.എ അറിയിച്ചു.