പാപ്പിനിശ്ശേരി: പ്രദേശവാസികളുടെ ഏറേക്കാലത്തെ പ്രതീക്ഷയായ കല്ലൂരിക്കടവ് പാലം യാഥാർത്ഥ്യമാകുന്നു. 2017ൽ ഭരണാനുമതി ലഭിച്ചെങ്കിലും രാഷ്ട്രീയ കാര്യങ്ങളാൽ പ്രവൃത്തി നീണ്ടുപോയ പാലത്തിനാണ് പ്രതീക്ഷ ഉയരുന്നത്. ഒരു മാസം മുന്നെ അഴീക്കോട് എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടി ലഭിച്ചതോടെയാണ് പ്രവൃത്തി കിഫ് ബിക്ക് കൈമാറിയത്. അപ്രകാരം കണ്ണൂർ കേരളാ റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കിയ പാലം നിർമ്മാണത്തിന്റെയും അപ്രോച്ച് റോഡ് നിർമ്മാണവും ഉൾപ്പെടുത്തിയ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സർക്കാറിലേക്കയച്ചു.

കോഴിക്കോട് റീജ്യണൽ ഓഫീസിൽ നിന്നുമെത്തിയ സംഘം ക്വാളിറ്റി ടെസ്റ്റ് പൂർത്തിയാക്കിയിട്ടുണ്ട്. പാലം നിർമ്മാണത്തിനുള്ള സ്ട്രെക്ച്ചറൽ ഡിസൈൻ പൂർത്തിയായി. സാങ്കേതിക അനുമതി കിട്ടിക്കഴിഞ്ഞാൽ അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും. 25 കോടിയുടെ
ഭരണാനുമതിയാണെങ്കിലും 40 കോടിയോളം ചെലവു വരുന്നതായിരിക്കും സാങ്കേതികാനുമതി.

365 മീറ്റർ നീളം,

11 മീറ്റർ വീതി

പാപ്പിനിശ്ശേരി -നാറാത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലൂരി കടവ് പാലത്തിന് 365 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാകും. അതിൽ 7.5 മീറ്റർ ടാർ ചെയ്യും. ഇരുവശങ്ങളിലും ഒന്നര മീറ്ററിൽ നടപ്പാതയും നിർമ്മിക്കും. കൂടാതെ 72 മീറ്റിൽ കൈവരികൾ നിർമ്മിക്കും. പാപ്പിനിശേരി പഞ്ചായത്തിൽ 80 മീറ്ററും നാറാത്ത് പഞ്ചായത്തിൽ 1140 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കും. ഇതിനായി ഏകദേശം 400 സെന്റ് സ്ഥലം ഏറ്റെടുക്കണം. അതിന്റെ വിവരങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് അയച്ചിട്ടുണ്ട്.

പച്ചക്കൊടി കാത്ത്
കിഫ്ബിയുടെ സാങ്കേതിക അനുമതി കിട്ടിയാൽ പാലത്തിന്റെ ടെണ്ടർ നടപടി ആരംഭിക്കും. രണ്ടുവർഷത്തിനകം പാലം യാഥാർത്ഥ്യമാകുമെന്നാണ് കണ്ണൂർ കിഫ്ബി അധികൃതർ അറിയിച്ചത്. മുൻ എം.എൽ.എ കെ.എം. ഷാജി തുടക്കമിട്ട പദ്ധതിയാണെങ്കിലും നിലവിലെ എം.എൽ.എ കെ.വി. സുമേഷ് പാലം നിർമ്മാണത്തിന് നല്ല പ്രാധാന്യം നല്കിവരുന്നുണ്ട്.