ശ്രീകണ്ഠപുരം: ഏരുവേശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം. 2010 മുതൽ കോൺഗ്രസിന്റെ കുത്തക വാർഡായ ഇവിടെ ഇടതുസ്വതന്ത്രൻ ജോയിജോൺ 126 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസിലെ ഭിന്നത മുതലാക്കിയായിരുന്നു ഇടതുപക്ഷം ജയിച്ചുകയറിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബെസ്റ്റിൻ എളംബ്ലാശേരി 134 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച വാർഡാണിത്. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുമായി ഉണ്ടായ അഭിപ്രായഭിന്നതയെത്തുടർന്ന് ബെസ്റ്റിൻ രാജിവെക്കുകയായിരുന്നു.
1178 വോട്ടർമാരിൽ സ്‌പെഷ്യ ൽ പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ച 13 പേർ ഉൾപ്പെടെ 862 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതിൽ ജോയിജോണിന് 462 വോട്ടും കോൺഗ്രസിലെ ലൂക്കോസ് തൊട്ടിയിലിന് 336 വോട്ടും ബി.ജെ.പിയിലെ ജിമ്മിജോസഫിന് 35 വോട്ടും ആംആദ്മിയിലെ കിസാൻ ജോസിന് 28 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ഏരുവേശി ചെറിയ അരീക്കാമല സ്വദേശിയായ ജോയിജോൺ റിട്ട. എ.എസ്.ഐയാണ്. കൊക്കമുള്ള് വാർഡ് നഷ്ടപ്പെട്ടതോടെ 14അംഗ ഭരണസമിതിയിൽ യു.ഡി.എഫ് അംഗബലം പത്തായി ചുരുങ്ങി. എൽ.ഡി.എഫ് അംഗസംഖ്യ നാലായി ഉയർന്നു.