കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ടെൻഡർ നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ ഇക്കാര്യം വ്യക്തമാക്കി. കോർപ്പറേഷൻ അറ്റകുറ്റപണിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അജൻഡ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ കൗൺസിലർ ടി. രവീന്ദ്രന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മേയർ. സ്ട്രീറ്റ് ലൈറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളും കൗൺസിലർമാർ ഉന്നയിച്ചു. പല സ്ഥലങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്ത സ്ഥിതിയാണെന്നും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുയർന്നു. സർക്കാർ പദ്ധതിയായതിനാൽ ഇത് സ്ഥാപിക്കുന്ന കരാർ കമ്പനികളെ കുറിച്ച് കോർപ്പറേഷന് യാതൊരു അറിയിപ്പും ഉണ്ടാകാറില്ലെന്ന് മേയർ പറഞ്ഞു. പരമാവധി വേഗത്തിൽ മുഴുവൻ പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.

ജനറൽ ബിപിൻ റാവത്തിന്റെയും പത്‌നിയുടെയും മറ്റു സൈനികരുടെയും മരണത്തിൽ യോഗം അനുശോചിച്ചു. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 61 വിദ്യാർത്ഥികളെയും ഇന്നലത്തെ യോഗത്തിൽ പങ്കെടുപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, ചിത്തിര ശശിധരൻ, എൻ. സുകന്യ തുടങ്ങിയവർ സംസാരിച്ചു.

മദ്യവില്പന ശാല വേണ്ട

കീഴ്ത്തള്ളിയിൽ ബീവറേജ്‌സ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കൗൺസിലിൽ പ്രതിഷേധമുയർന്നു. ജനവാസ കേന്ദ്രത്തിൽ മദ്യഷാപ്പ് വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡിവിഷൻ കൗൺസിലർ പി.കെ. സജേഷ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കൈനാട്ടി റോഡിലാണ് കേരള ബീവറേജ്‌സ് കോർപ്പറേഷന്റെ പുതിയ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നത്. പ്രമേയത്തെ ലീഗ് കൗൺസിലർ മുസ്‌ലിഹ് മഠത്തിൽ പിന്താങ്ങി. അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പൗണ്ടിൽ സൂക്ഷിക്കുമെന്നും ഭീമമായ പിഴ ഈടാക്കുമെന്നും മേയർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതിയ കോർപ്പറേഷൻ ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിട്ടെങ്കിലും പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല. പലവിധ നൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണ് സർക്കാരിൽ നിന്നുള്ള അനുമതി. ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇനി സാങ്കേതിക അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
അഡ്വ. ടി.ഒ. മോഹനൻ, മേയർ

വഴിവിളക്ക് എൽ.ഇ.ഡി ബൾബ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ നാല് കമ്പനികൾക്കാണ് കരാർ നൽകിയത്. എന്നാൽ ഇനിയെല്ലാം ഒരു കമ്പനിക്ക് നൽകും. അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട കാലതാമസവും മറ്റും ഒഴിവാക്കാനാണ് പുതിയ തീരുമാനം.

പി. ഇന്ദിര, പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ

കോർപ്പറേഷൻ പരിധിയിൽ തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളുടെ അക്രമത്തിന് കഴിഞ്ഞ ദിവസം ഇരയായതാണ്. നായ്ക്കളെ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.

എൻ. സുകന്യ, എൽ.ഡി.എഫ് കൗൺസിലർ

.