chitravani
ചിത്രവാണി ടാക്കീസ് പൊളിച്ചുനിരപ്പാക്കിയപ്പോൾ

തലശ്ശേരി: ഒരു കാലത്ത് നഗരവും പ്രാന്തപ്രദേശങ്ങളുമെല്ലാം ഒഴുകിയെത്തിയിരുന്ന ഒ.വി. റോഡിലെ തലയെടുപ്പുള്ള ചിത്രവാണി ടാക്കീസും മണ്ണോട് ചേർന്നു. അഞ്ച് പതിറ്റാണ്ട് കാലം രാപകലില്ലാതെ പൊട്ടിച്ചിരികളും കണ്ണീരും സ്വപ്നങ്ങളും വീണുടഞ്ഞ ചിത്രവാണി ടാക്കീസ് മൺകൂനയായി മാറി. 2020 ഡിസംബറിൽ കൈമാറ്റം ചെയ്ത കെട്ടിടം 2021 ഡിസംബർ പിറക്കുമ്പോഴേക്കും പൊളിച്ചുനിരപ്പാക്കുകയായിരുന്നു.

കൊവിഡ് പ്രതിസന്ധിയിൽ മാസങ്ങളായി അടച്ചിടേണ്ടി വന്ന സിനിമാശാല നഷ്ടങ്ങളുടെ കണക്ക് കൂടി വന്നതോടെയാണ് പാർട്ണർമാർ കൈയൊഴിഞ്ഞത്. വടകരക്കാരായ പ്രവാസികളാണ് ഒ.വി.റോഡിലെ കണ്ണായ സ്ഥലത്തുള്ള സ്ഥാപനം വാങ്ങിയത്. ഇത് പിന്നീട് കൈമാറി.

1969 ലാണ് ചിത്രവാണിയുടെ പിറവി. പത്തിലേറെ പാർട്ണർമാർ ഒരേ മനസ്സോടെ പരിപാലിച്ചു വന്ന ടാക്കീസ് സിനിമാപ്രേക്ഷകരുടെ ഇഷ്ട സങ്കേതമായിരുന്നു. മൈഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളത്തിലെ ആദ്യ ത്രീഡി വിസ്മയം നഗരത്തിലെയും, നാട്ടിൻ പുറത്തേയും സിനിമാസ്വാദകർക്ക് അനുഭവഭേദ്യമാക്കിയത് ചിത്രവാണിയുടെ പ്രത്യേക സ്‌ക്രീനിലൂടെയായിരുന്നു. 50 ദിവസങ്ങളോളം നിറഞ്ഞ സദസിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടതും അന്നത്തെ സിനിമാ ചരിത്ര സംഭവം. ഓർമ്മകളിലേക്ക് മാറിയ വീനസ്, മുകുന്ദ്, പ്രഭാ, ലോട്ടസ്, പങ്കജ് ടാക്കീസുകളുടെ കൂട്ടത്തിലേക്ക് ഒടുവിൽ ചിത്രവാണിയും ചേരുന്നു.