പയ്യന്നൂർ: മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തീരാ തലവേദനയായ മാലിന്യ സംസ്കരണത്തിന് അനുകരണീയ മാതൃക കണ്ടെത്തി പയ്യന്നൂർ നഗരസഭ. അജൈവ മാലിന്യങ്ങൾ, പ്രകൃതിക്കോ മനുഷ്യനോ യാതൊരു ദൂഷ്യവും സൃഷ്ടിക്കാത്ത വിധത്തിൽ
റീ സൈക്ലിംഗ് കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചാണ് പയ്യന്നൂർ നഗരസഭ അജൈവ മാലിന്യ പ്രശ്നത്തിൽ നിന്നും മുക്തിനേടുന്നത്.
അജൈവ മാലിന്യ സംസ്കരണത്തിൽ ഏറേ പരിചയസമ്പന്നരായ തിരുവോണം ഇക്കോ ഇൻഡസ്ട്രീസ് ഇന്ത്യ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാർ വഴിയാണ് നഗരസഭ മാലിന്യങ്ങൾ കയറ്റി അയക്കുന്നത്.
ചെരുപ്പ്, ബാഗുകൾ തുടങ്ങിയവ ഗുജറാത്തിലും മറ്റുമുള്ള സിമന്റ് കമ്പനികളിലേക്ക് ഊർജ ഇന്ധനത്തിനായും, പ്ലാസ്റ്റിക് ക്യാരി ബാഗ്, കുപ്പികൾ തുടങ്ങിയവ മുംബയ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലുള്ള കമ്പനികളിലേക്ക് റീ സൈക്കിളിംഗിനുമായാണ് തിരുവോണം കമ്പനി കയറ്റി അയക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബൈർ, ലതീഷ്, ബിനില തുടങ്ങിയ ആരോഗ്യ വിഭാഗം ജീവനക്കാരുടെ മേൽനോട്ടത്തിലാണ് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
മാലിന്യങ്ങൾ തരം തിരിച്ച് ബണ്ടലാക്കുന്നതിന് മാതമംഗലം കുറ്റൂരിൽ ഇവർക്ക് ഫാക്ടറിയും പ്രവർത്തിക്കുന്നുണ്ട്. ഗുരുവായൂർ, കുന്ദംകുളം, കാസർകോട്, ബത്തേരി തുടങ്ങിയ നഗരസഭകളും ചെറുപുഴ, രാമന്തളി, വലിയപറമ്പ് തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളും തിരുവോണം ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് അവരുടെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്.
ഹരിത കർമ്മസേനാംഗങ്ങൾ ശേഖരിക്കുന്നു
പയ്യന്നൂർ നഗരസഭ ഹരിത കർമ്മ സേനാംഗങ്ങൾ കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവരുന്ന ഖരമാലിന്യങ്ങളായ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ലു കുപ്പികൾ, ചെരുപ്പ്, ബാഗ് തുടങ്ങിയവയെല്ലാം മൂരിക്കൊവ്വലിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിച്ച് , തരം തിരിച്ച് തിരുവോണം കമ്പനി അതാത് റീ സൈക്കിംഗ് യൂനിറ്റുകളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളിലാണ് ചെരുപ്പ്, ബാഗ്, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ ഹരിത കർമ്മ സേന ശേഖരിച്ച് സംഭരണ കേന്ദ്രത്തിലെത്തിക്കുന്നത്.
തരംതിരിച്ച് ബെയിൽ ചെയ്ത് കെട്ടുകൾ ആക്കിയ 30 ടണ്ണോളം ചെരുപ്പുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗുജറാത്തിലേക്ക് കയറ്റി അയക്കുകയുണ്ടായി. നിലവിൽ മാലിന്യ സംസ്കരണ കേന്ദ്രമായ മൂരിക്കൊവ്വൽ ട്രഞ്ചിംഗ് ഗ്രൗണ്ട് ക്രമേണ പൂർണ മാലിന്യ മുക്തമാക്കി ഉദ്യാനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പയ്യന്നൂർ നഗരസഭ.
ചെയർപേഴ്സൺ കെ. വി. ലളിത