കണ്ണൂർ: മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരുടെ പ്രതിഷേധം വകവയ്ക്കാതെ ആയിക്കര മാപ്പിളബേ ഹാർബറിൽ വർദ്ധിപ്പിച്ച ടോൾ പിരിവുമായി അധികൃതർ മുന്നോട്ട്. വർദ്ധിപ്പിച്ച ടോൾ പിരിവിനെതിരെ മത്സ്യത്തൊഴിലാളികൾ ഹാർബർ എൻജിനീയർക്ക് നിവേദനം നൽകിയിരുന്നെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ല. ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ കീഴിൽ സ്വകാര്യ കരാറുകാരാണ് ടോൾ പിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടോൾ പിരിവ് കുത്തനെ വർദ്ധിപ്പിച്ചത്. നേരത്തെ ഇരുചക്ര വാഹനങ്ങൾക്ക് ഹാർബറിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. നിലവിൽ അത് 20 രൂപയാക്കി. ഗുഡ്‌സ് ഓട്ടോറിക്ഷക്ക് 10 രൂപയായിരുന്നത് 30 രൂപയാക്കി വർദ്ധിപ്പിച്ചു. അകത്തു പ്രവേശിക്കുമ്പോൾ 20/30 രൂപ വാങ്ങുന്ന വാഹനക്കാരിൽ നിന്ന് തന്നെ മത്സ്യവുമായി തിരിച്ചിറങ്ങുമ്പോൾ 30/50 രൂപയും വാങ്ങുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 50 രൂപയ്ക്ക് മത്സ്യം വാങ്ങി പോകുന്നവർ പോലും അകത്ത് കയറി പുറത്തിറങ്ങാൻ 50 രൂപ ടോളും കൊടുക്കേണ്ട അവസ്ഥയാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ മത്സ്യം ലഭിക്കുമെന്നതിനാൽ നിരവധി സാധാരണക്കാർ ഇവിടെ മത്സ്യം വാങ്ങാനെത്താറുണ്ട്.
പാർക്കിംഗ് സൗകര്യവുമില്ല
ടോൾ വർദ്ധിപ്പിച്ചെങ്കിലും ആയിക്കര ഹാർബറിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്ന്
തൊഴിലാളികൾ പറഞ്ഞു. ഏകദേശം ആയിരത്തിനടുത്ത് തൊഴിലാളികൾ തന്നെ ഇവിടെയുണ്ട്. ഇവരുടെ വാഹനങ്ങൾ തന്നെ നൂറിന് മുകളിലുണ്ടാകും. ഒപ്പം പുറമെ നിന്നുള്ളവരുടെ വാഹനം കൂടിയാകുമ്പോൾ പാർക്കിംഗിന് വലിയ പ്രശ്നം നേരിടുന്നുണ്ട്. ടോൾ കൊടുക്കേണ്ടി വരുന്നതിനാലും സ്ഥലപരിമിതി കാരണവും ഇരുചക്ര വാഹനങ്ങൾ മിക്കതും പുറത്ത് നിറുത്തിയിടുകയാണ്.
ഹാർബറുകളിലെല്ലാം ഇതേ രീതി
ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹാർബറുകളിലെ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുള്ളത്. മറ്റു ഹാർബറുകളിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായതിനൊപ്പമാണ് ഇവിടെയും പുതിയ നടപടികളെന്നും മാപ്പിളബേ ഹാർബർ എൻജിനീയറിംഗ് സബ്ബ് ഡിവിഷൻ അറിയിച്ചു.
സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണിത്. നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ ഹാർബർ എൻജിനീയർക്ക് നിവേദനം നൽകിയിട്ട് മാസങ്ങളായി. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ഷഹീർ പാലക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി, മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു)