pappinissery
പാപ്പിനിശ്ശേരി മേൽപാലം

പാപ്പിനിശേരി : നിരവധി ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പാപ്പിനിശ്ശേരി മേൽപ്പാലം അടച്ചിട്ട് അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും. അപാകതകൾ കണ്ടെത്തിയ ഉപരിതലത്തിലെ ഭാഗം കുത്തി പൊളിച്ചു പരിശോധിക്കുവനാണ് തീരുമാനം. ആവശ്യമെങ്കിൽ ഈ ഭാഗംകോൺക്രീറ്റും ചെയ്യും

അറ്റകുറ്റ പ്രവൃത്തികൾക്കായി പാലം 20 മുതൽ ഒരു മാസം വരെ അടച്ചിടും. ഇതുവഴി പോകുന്ന വാഹനങ്ങൾ ഒരു മാസക്കാലം ഇരിണാവ് ഗേറ്റ് റോഡ് വഴി കടത്തിവിടും. ഇത് കൂടുതൽ വാഹനക്കുരുക്കിന് വഴിയൊരുക്കുമെന്ന ആക്ഷേപവുമുയരുന്നുണ്ട്.താവം മേൽ പാലവും അടച്ചിട്ട് ഒരുമിച്ച് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം.കെ .എസ് .ടി .പി പദ്ധതിയായി 2013 ൽ നിർമ്മാണം തുടങ്ങിയ പാലം 2017 ഏപ്രിലിലാണ് പൂർത്തിയാക്കിയത്. 2018 നവംബർ 24ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പാലം പൊതു ജനങ്ങൾക്ക് ഔദ്യോഗികമായി തുറന്നു നൽകിയത്. എന്നാൽ പിന്നീടങ്ങോട്ട് മേൽപ്പാലവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും ഉയർന്നു. നിലവിൽ കുഴികളും മറ്റും താർ ഒഴിച്ച് അടച്ച നിലയിലാണ്. പാലാരിവട്ടം പാലം നിർമ്മാതാക്കളായ ആർ ഡിസ് ആണ് പാപ്പിനിശ്ശേരി ,താവം മേൽപ്പാലങ്ങളും നിർമ്മിച്ചത് .

പ്രവൃത്തി പൂർത്തിയാക്കി പി.ഡബ്ളു.ഡിക്ക് കൈമാറും

നിർമ്മാണ കരാർ 2020 ഫെബ്രുവരിയിൽ പൂർത്തിയാക്കിയ കെ.എസ്.ടി.പി റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറാനിരുന്നെങ്കിലും പാലത്തിനെതിരെ പരാതി ഉയരുകയും വിജിലൻസ് അന്വേഷണം വരികയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല.ഇതെ തുടർന്നാണ് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കെ.എസ്. ടി.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.നിലവിലെ കരാറുകാർ തന്നെയാണ് തുടർപ്രവൃത്തികൾ പൂർത്തീകരിക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തീകരിച്ചാൽ മാത്രമേ പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറാൻ സാധിക്കുകയുള്ളുവെന്നും അധികൃതർ പറഞ്ഞു.പാലത്തിന് ബലക്ഷയമില്ലെന്നും രൂപപ്പെട്ട ചെറിയ കുഴികൾ ശാശ്വതമായി പരിഹരിക്കാനാണ് അടച്ചിടേണ്ടി വരുന്നതെന്നും അഴീക്കോട് എം.എൽ.എ കെ. വി. സുമേഷ് പറഞ്ഞു.