ചെറുവത്തൂർ: പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നവരെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ജീവനം നീലേശ്വരം ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി പുരസ്കാരത്തിന് പിലിക്കോട് സ്വദേശി രവി പടോളി അർഹനായി. 13 ന് ഉച്ചയ്ക്ക് രണ്ടിന് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന ജീവനം കൂട്ടായ്മയിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ പുരസ്കാര വിതരണം നിർവഹിക്കും.
മഹാമാരിക്കാലം കടന്ന് വിദ്യാലയങ്ങൾ തുറന്നതിന്റെ ഓർമയ്ക്കായി വിദ്യാലയത്തിലെ ഒന്നാം തരം വിദ്യാർത്ഥികൾക്ക് ജീവനം പദ്ധതിയിൽ തെങ്ങിൻ തൈകൾ നൽകും. പരിസ്ഥിതി ബോധവൽക്കരണത്തിലൂടെ ഉജ്വല ബാല്യം പുരസ്കാരം നേടിയ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ വിദ്യാർത്ഥിനി നിളയെ ചടങ്ങിൽ അനുമോദിക്കും. വാർത്താസമ്മേളനത്തിൽ പ്രാദേശിക കൃഷി ശാസ്ത്രജ്ഞൻ പി.വി. ദിവാകരൻ കടിഞ്ഞി മൂല, കൊടക്കാട് നാരായണൻ, കെ. പ്രവീൺ കുമാർ, എം.മഹേഷ് കുമാർ, വിനയൻ പിലിക്കോട് സംബന്ധിച്ചു.
ജീവനം
ജീവിക്കാൻ വനം ശുദ്ധവായു ശുദ്ധജലം എന്ന സന്ദേശമുയർത്തി പ്രാദേശിക കൃഷി ശാസ്ത്രജ്ഞൻ പി.വി ദിവാകരൻ കടിഞ്ഞി മൂല സ്വന്തമായി നടപ്പിലാക്കിയ പദ്ധതിയാണ് ജീവനം. ലക്ഷക്കണക്കിന് വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും ഇദ്ദേഹം സൗജന്യമായി നൽകിയിട്ടുണ്ട്. ഗൃഹവനം, മിയാവാക്കി വനങ്ങളും ഒരുക്കി വരുന്നു.
ചെറുപ്പം മുതൽ പ്രകൃതിയെ സ്‌നേഹിച്ച പടോളി രവി
ചെറുപ്പം മുതൽ പ്രകൃതിയെ സ്‌നേഹിച്ചു തുടങ്ങിയ പടോളി രവി 16 വർഷം മുമ്പാണ് പടുവളത്ത് വഴിയോര തണൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ദേശീയപാതയ്ക്ക് ഇരുവശങ്ങളിലുമായി നിറയെ മരങ്ങൾ നട്ടു. അതിരാവിലെയെത്തി വെള്ളം നനച്ചും സംരക്ഷണ വേലിയൊരുക്കിയുമെല്ലാം അവയെ സംരക്ഷിച്ചു വളർത്തി. കോൺക്രീറ്റ് തൊഴിലാളിയാണ് പിലിക്കോട് എക്കച്ചിയിലെ രവി. ദേശീയപാതാ വികസനത്തിൽ മരങ്ങൾ മുറിച്ചുമാറ്റുമെന്നറിയാമെന്നതിനാൽ വനവത്കരണം മറ്റിടങ്ങളിലേക്ക് ഇദ്ദേഹം നേരത്തെ തന്നെ മാറ്റിയിരുന്നു. പടുവളത്തിൽ തന്നെ പാപ്പാത്തി പാർക്ക് എന്നപേരിൽ ജൈവോദ്യാനവും ഒരുക്കിയിട്ടുണ്ട് രവിയും കൂട്ടുകാരും.
2015 ൽ ആരംഭിച്ച പാർക്കിൽ ചെമ്പകം, നന്ത്യാർവട്ടം, വിവിധതരം ചെമ്പരത്തി, പനിനീർ, ചെക്കി, ചെണ്ടുമല്ലി ചെടികളും പേര, മാവ്, വേപ്പ്,സീതപ്പഴം, ഫാഷൻഫ്രൂട്ട്, സപ്പോട്ട, ഞാവൽ തുടങ്ങി ഫലവൃക്ഷങ്ങളും രാമച്ചം, കരിനെച്ചി, വയമ്പ്, കറുവപ്പട്ട, കരിങ്ങാലി, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം.