chc
ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

ആലക്കോട്: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായ കാൽനൂറ്റാണ്ട് പിന്നിട്ട ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സേവനം മെച്ചപ്പെടുത്തി ഇതിനെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഉദയഗിരി, മണക്കടവ്, തേർത്തല്ലി, നടുവിൽ, ചെങ്ങളായി, ചപ്പാരപ്പടവ്, കുടിയാന്മല എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഒടുവള്ളിത്തട്ട് സി.എച്ച്.സിക്ക് കീഴിലാണുള്ളത് എന്നതിനാൽ മലയോരത്തെ അതിവിസ്തൃതമായ അഞ്ച് പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകേണ്ടതും ഈ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആണ്.

എന്നാൽ ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫുമില്ലാതെ മുടന്തിനീങ്ങുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ രണ്ടു വർഷമായി കിടത്തിചികിത്സയും നിറുത്തിവച്ചിരിക്കുകയാണ്. ദിവസേന മുന്നൂറോളം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് 3 സ്ഥിരം ഡോക്ടർമാരും രണ്ട് താൽക്കാലിക നിയമനംകിട്ടിയ ഡോക്ടർമാരുമാണുള്ളത്. ഈവനിംഗ് ഡ്യൂട്ടിക്ക് ഡോക്ടർമാരില്ലാത്തതിനാൽ കിടത്തിചികിത്സ നിറുത്തിവയ്ക്കുകയായിരുന്നു.

20 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള ഈ സെന്ററിൽ ഏഴ് നഴ്സിംഗ് അസിസ്റ്റന്റുമാർ വേണ്ടിടത്ത് അഞ്ച് പേരും ക്ലീനിംഗ് സ്റ്റാഫ് ഏഴുപേർക്ക് പകരം അഞ്ചുപേരുമാണ് ഉള്ളത്. ആശുപത്രിയുടെ വികസനം യാഥാർത്ഥ്യമാകുന്നതോടുകൂടി ഒടുവള്ളിത്തട്ട് ടൗണിനും വികസനമുണ്ടാകും.

കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തണം

നിരവധി കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള ഈ സെന്ററിനെ താലൂക്ക് ആശുപത്രിയാക്കി മാറ്റുകയാണെങ്കിൽ മലയോരമേഖലയിലെ ആയിരക്കണക്കിനാളുകൾക്ക് പ്രയോജനപ്പെടും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ളത്. ജനകീയാസൂത്രണ പദ്ധതിയുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ നടത്തുകയുണ്ടായിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും പ്രയോജനം രോഗികൾക്ക് ലഭിക്കുന്നില്ല.