കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ അറിയപ്പെട്ടിരുന്ന പ്രദേശമായ അതിയാമ്പൂരിൽ സ്വാതന്ത്ര്യ സമര സാംസ്‌കാരിക ഇടനാഴി ഒരുങ്ങുന്നു.
എ.സി കണ്ണൻ നായർ, കെ. മാധവൻ, വിദ്വാൻ പി. കേളു നായർ, രസിക ശിരോമണി കോമൻ നായർ എന്നിവരുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു അതിയാമ്പൂർ. പലപ്പോഴും മഹാകവി പി. കുഞ്ഞിരാമൻ നായരും ഇവർക്കൊപ്പം കൂടാറുണ്ടായിരുന്നു.
കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച് കാരാട്ടു വയൽ, മേലാങ്കോട്ട്, അതിയാമ്പൂർ, കിഴക്കും കര, വെള്ളിക്കോത്ത് വഴി മഡിയനിൽ അവസാനിക്കുന്ന തരത്തിലാണ് ഇടനാഴി വിഭാവനം ചെയ്തിരുക്കുന്നത്. 10 മീറ്റർ വീതിയിൽ ഈ സാംസ്‌കാരിക ഇടനാഴി നിർമ്മിച്ചാൽ കാഞ്ഞങ്ങാട് നഗരത്തിൽ ഇന്നനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാവും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയുള്ള സാംസ്‌കാരിക ഇടനാഴി കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ വികസിപ്പിക്കുകയും ചെയ്യാം. പുതിയ ബസ് സ്റ്റാൻഡ് മുതൽ ഹോസ്ദുർഗ്ഗ് വെങ്കിട്ട രമണ ക്ഷേത്രത്തിന്റെ കിഴക്കുവശം ചേർന്ന് കാരാട്ടു വയൽ വരെ മാത്രമേ നിലവിൽ റോഡില്ലാതുള്ളൂ. അവിടുന്ന് നിലവിൽ മഡിയൻ വരെ റോഡുണ്ട്. ചിലയിടങ്ങളിൽ റോഡിന് ആവിശ്യത്തിന് വീതിയില്ല. അത് നിഷ്പ്രയാസം നേടി എടുക്കാവുന്നതാണ്. ബാക്കി മിക്ക ഇടത്തും 10 മീറ്റർ വീതിയുണ്ട്.