dist-hsptl
ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: നിർധനർക്ക് അത്താണിയായ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികൾ വലയുന്നു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനു പുറമെ ഫോറൻസിക് സർജന്റെ സേവനം വേണമെന്നും കാർഡിയോളജി, ഡയാലിസിസ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും രോഗികൾ പറയുന്നു. നിലവിൽ ഇരുന്നൂറിലേറെ ഒഴിവുകളുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കാത്ത് ലാബിൽ കാർഡിയോളജിസ്റ്റ്- 2, ജൂനിയർ കൺസൾട്ടന്റ് 2, അസിസ്റ്റന്റ് സർജൻ 1, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 2, കാത്ത് ലാബ് ടെക്‌നീഷ്വൻ 2, ഇസിജി ടെക്‌നീഷ്യൻ 2 എന്നിങ്ങനെ ജീവനക്കാർ ആവശ്യമാണ്. എല്ലാ വിഭാഗങ്ങളിലേക്കുമായി സ്റ്റാഫ് നഴ്‌സുമാർ മാത്രം 45 പേർ വേണം.
ലേബർ വാർഡിനായി ഒഴിഞ്ഞ് കൊടുത്തതോടെ രണ്ട് വർഷമായി നേത്ര ശസ്ത്രക്രിയയും നടക്കുന്നില്ല. ഫോറൻസിക് സർജൻമാരില്ലാത്തതിനാൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകേണ്ടി വരുന്നു. ചില താലൂക്ക് ആശുപത്രികളിൽ പോലും ഫോറൻസിക് സർജ്ജൻമാരുണ്ട്.

ഒപിയിൽ ദിവസം ആയിരവും ഐപിയിൽ മാസം 1500 രോഗികളുമെത്തുമ്പോഴും ജീവനക്കാർ പഴയ കണക്കിലേ ഉള്ളൂവെന്നാണ് പരാതി. ആശുപത്രി വളപ്പിലെ കെട്ടിടങ്ങൾ പരിധി കടന്നതോടെ ജില്ലാ ജയിലിന്റെ ഒന്നരയേക്കർ കൂടി കിട്ടിയാലേ ആശ്വാസമാകൂ. ആർദ്രം പദ്ധതിയിൽ പണിത കെട്ടിടം പ്രവർത്തനം തുടങ്ങാൻ ഇതൊഴിപ്പിക്കണം. ഇതിലെ ഒരു നില ഡയാലിസിസ് ചെയ്യാനാണ്. പത്ത് ബെഡുകളിലായി 60 പേരാണ് ഡയാലിസിസ് സൗകര്യം ഉപയോഗിക്കുന്നത്. കൂടുതൽ രോഗികൾക്ക് സൗകര്യമൊരുക്കാൻ ജില്ലാ പഞ്ചായത്ത് ഇടപെടുന്നുണ്ട്. ആവശ്യമായ യന്ത്രങ്ങളെല്ലാം സംഭാവനയായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രോഗികളോടുള്ള ചില ഡോക്ടർമാരുടെ സമീപനം പരാതികൾക്ക് ഇടയാക്കുന്നുണ്ട്.