തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ വച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ ഹോട്ടൽ മാനേജരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പറശ്ശിനിക്കടവിലെ ഹോട്ടൽ മാനേജർ കയരളം കോറോത്തെ പവിത്രനെ യാണ് ഹൈക്കോടതി കേസിൽ നിന്ന് ഒഴിവാക്കിയത്. അഡ്വ. നിക്കോളസ് ജോസഫ് മുഖേന നൽകിയ ഹർജിയിലാണ് വിധി.

2018 നവംബർ 11ന് പാപ്പിനിശ്ശേരി സ്വദേശിയായ 16കാരിയെ ലോഡ്ജിൽ കൊണ്ടുവന്ന് നാലുപേർ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറുമാത്തൂരിലെ സി.പി. ഷംസുദ്ദീൻ, ചെങ്ങളായി പരിപ്പായിലെ വി.സി. ഷബീർ, നടുവിലെ കെ.വി. അയൂബ്,​ സന്ദീപ് എന്നിവരായിരുന്നു പ്രധാന പ്രതികൾ. സ്കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ച വിവരം പൊലീസിന് കൈമാറിയില്ലെന്നും സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കാണിച്ചാണ് അഞ്ചാം പ്രതിയായി പവിത്രനെ കൂടി കേസിൽ ഉൾപ്പെടുത്തിയത്. ഡിസംബർ അഞ്ചിന് അറസ്റ്റിലായ പവിത്രന് 15 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. കേസിൽ നടന്ന തുടർ അന്വേഷണത്തിൽ 18 കേസുകൾ പുതുതായി രജിസ്റ്റർ ചെയ്യുകയും കൂടുതൽ പേരെ പൊലീസ് പ്രതി ചേർക്കുകയും ചെയ്തു. പലരും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുന്നുമുണ്ട്. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സ്കൂൾ യൂണിഫോമിലായിരുന്നില്ല പെൺകുട്ടിയെ എത്തിച്ചതെന്നും പവിത്രൻ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കേസിൽ നിന്ന് പവിത്രനെ കോടതി ഒഴിവാക്കിയത്.