ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മങ്ങാട് ദ്വീപ് നിവാസികൾ വെള്ളക്കെട്ട് കാരണം വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. നൂറോളം കുടുംബങ്ങളാണ് പ്രയാസപ്പെടുന്നത്. തലശ്ശേരി -മാഹി ബൈപ്പാസ് റോഡ് പ്രവൃത്തി തുടങ്ങിയതോടെയാണ് ജീവിതം കൂടുതൽ ദുരിതത്തിലായത്. ചൊക്ലി ന്യൂമാഹി റോഡ് മുറിച്ച് കടന്ന് പോകുന്ന ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായി വൻതോതിൽ മഴവെള്ളം ഒഴുകിയെത്തുന്ന തോടിന്റെ തുടർച്ച നഷ്ടപ്പെട്ടതാണ് ദ്വീപിനെ വെള്ളത്തിനടിയിലാക്കിയത്.

നിലവിലുള്ള വീതി കുറഞ്ഞ തോട്ടിൽ മാലിന്യവും ചെളിയും കെട്ടിക്കിടന്ന് ഒഴുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായുള്ള ചുവന്ന മണ്ണും ചെളിയും ഒഴുകിയെത്തി റോഡിലും പരിസരങ്ങളിലുമടക്കം കെട്ടിക്കിടക്കുന്നു. ശക്തമായ മഴയിൽ മിക്ക വീടുകളിലും വെള്ളം കയറുന്നു. പുറത്തേക്കുള്ള യാത്രക്ക് മതിയായ നടപ്പാതയുമില്ല. ഒട്ടേറെ വീട്ടുകിണറുകളിലെ വെള്ളം മലിനമായി ചുവന്ന നിറത്തിലാണുള്ളത്. വെള്ളത്തിന്റെ ഉപരിതലത്തിൽ എണ്ണപൊലെ എന്തോ നേർത്ത പാട കെട്ടിക്കിടക്കുന്നു.

മഴക്കാലത്തെ വെള്ളക്കെട്ടിൽ ചിലയിടങ്ങളിൽ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നതും പതിവാകുന്നു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് അധികൃതരും മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളും ചേർന്ന് തെളിനീർ പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടത്തിയ പുഴ നടത്തം പരിപാടിയിൽ ദ്വീപ് നിവാസികളുടെ ദുരിതാവസ്ഥ കണ്ടറിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയിത്തു, പഞ്ചായത്ത് അംഗങ്ങളായ മഗേഷ് മാണിക്കാേത്ത്, കെ.എസ്. ഷർമ്മിള, അസി. സെക്രട്ടറി അരുൺ ജിതേഷ്, വില്ലേജ് ഓഫീസർ ഇ.ആർ. ജയന്തി, കൃഷി ഓഫീസർ അജിഷ, മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ വിജയൻ കയനാടത്ത്, സി.കെ. രാജലക്ഷ്മി, ഡോ. ദിലീപ് കോട്ടേമ്പ്രം, കെ.ഇ. സുലോചന, ലിബാസ് മങ്ങാട്, എൻ.വി. സുഷമ എന്നിവരും പ്രദേശവാസികളുമാണ് തോട് നടത്തത്തിൽ പങ്കാളികളായത്.