കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്നതാണ് ജനകീയ ഹോട്ടലുകൾ .ഇതോടൊപ്പം സമൂഹ അടുക്കള കൂടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകളുടെ ജോലി ഭാരം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം എല്ലാവർക്കും മിതമായ നിരക്കിൽ മികച്ച ഭക്ഷണം നൽകുകയെന്ന ആശയമാണ് ഇതിനു പിന്നിൽ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലും കോഴിക്കോട് ബാലുശേരിയിലും മറ്റും തുടങ്ങിയ സമൂഹ അടുക്കളകൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പിണറായി സർക്കാരിന്റെ പ്രധാന വാഗ്ദാനമാണ് സ്മാർട്ട് കിച്ചൻ പദ്ധതി. വീട്ടുജോലികളിൽ പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുന്നു. പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അടുക്കള ഉപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പയും പുരുഷന്മാർക്കും കുട്ടികൾക്കും കൂടി പാചക പരിശീലന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
സമൂഹ അടുക്കളയെന്ന മികച്ച ആശയം അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അക്ഷയപാത്രം എന്ന പദ്ധതിയും പുത്തൻ മാതൃകയാണ്. കണ്ണൂർ ടൗൺ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങിയത്. സ്റ്റേഷനു പുറത്ത് സ്ഥാപിച്ച പെട്ടിയിൽ നിന്നും ഭക്ഷണ പൊതികൾ. ആവശ്യമുള്ളവർ എടുത്തുപോകാം. പദ്ധതി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ പൊലീസ്.
മാതൃക 'ഹൃദയപൂർവ്വം'
കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ ഡി. വൈ .എഫ് .ഐ യുടെ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം മൂന്നു വർഷം പിന്നിട്ടു.ഒരു ദിവസം പോലും മുടക്കമില്ലാതെ പത്ത് ലക്ഷത്തോളം പൊതിച്ചോറുകളാണ് രണ്ടുവർഷം കൊണ്ട് ഇവർ വിതരണം ചെയ്തത്.
എല്ലാ ദിവസവും ഉച്ച സമയത്ത് പൊതിച്ചോറുമായി ഡി .വൈ .എഫ് .ഐ പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിലുണ്ടാകും. പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടിയുള്ള ഹൃദയപൂർവം ഉച്ച ഭക്ഷണ പദ്ധതി വിശപ്പ് രഹിത സമൂഹത്തിലേക്കുള്ള ചുവട് വയ്പ്പായി മാറുന്നു.ദിവസവും അറുന്നൂറോളം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്.മുൻകൂട്ടി അറിയിച്ച് വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിക്കും. ഇന്ത്യയിൽ തന്നെ ഇത്തരമൊരു സൗജന്യ ഉച്ചഭക്ഷണ പദ്ധതി ഇല്ലെന്നു പറയാം.( തുടരും)
കേരളത്തിന്റെ മാറ്റം (അഞ്ചുവർഷം ശതമാനക്കണക്കിൽ)
വിദ്യാഭ്യാസം (പത്താംക്ളാസിന് മുകളിൽ പുരുഷൻമാർ 72.2- 77
സ്ത്രീകൾ 70.5- 73.3
വൈദ്യുതീകരിച്ച വീടുകൾ 99.2- 99.6
മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സുള്ള വീടുകൾ 94.8- 94.9
ശുചിമുറിയുള്ള വീടുകൾ 98.1- 98.7
പാചകവാതകം ഉപയോഗിക്കുന്ന വീടുകൾ 57.4- 72.1
ശിശുമരണ നിരക്ക് 5.6- 4.4
അഞ്ച് വയസ്സിൽ താഴെയുള്ളവരിലെ മരണനിരക്ക് 7.1- 5.2
100 ദിവസം വരെ ഫോളിക് ആസിഡ് ഗുളിക ലഭിക്കുന്ന ഗർഭിണികൾ 67- 80
180 ദിവസംവരെ ഫോളിക് ആസിഡ് ഗുളിക ലഭിക്കുന്ന ഗർഭിണികൾ 47.4- 67