imran-shafi
അറസ്റ്റിലായ ഇമ്രാൻ ഷാഫി

കാസർകോട്: സുൽത്താൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ശാഖയിൽ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഡയമണ്ട്‌സ് വിഭാഗം മാനേജരുടെ സഹോദരൻ അറസ്റ്റിലായി . ബണ്ട്വാൾ താളിപ്പടുപ്പ് ബി.സി റോഡിലെ ഇമ്രാൻ ഷാഫിയെയാണ്(45) കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയും ജുവലറിയിലെ ഡയമണ്ട്‌സ് വിഭാഗം മാനേജരുമായ ബണ്ട്വാളിലെ മുഹമ്മദ് ഫാറൂഖിന്റെ സഹോദരനാണ് ഇമ്രാൻ ഷാഫി.സുൽത്താൻ ജ്വല്ലറി എം.ഡി കുമ്പള സ്വദേശി അബ്ദുൽ റൗഫിന്റെ പരാതിയിലാണ് മുഹമ്മദ് ഫാറൂഖിനും ഇമ്രാൻ ഷാഫിക്കുമെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ ഫാറൂഖ് ഒളിവിൽ പോകുകയായിരുന്നു ജ്വല്ലറിയിൽ നിന്ന് തട്ടിയെടുത്ത വജ്രവും സ്വർണവും ഫാറൂഖ് സഹോദരനെ ഏൽപ്പിച്ചതായി തെളിഞ്ഞതോടെയാണ് പൊലീസ് ഇമ്രാൻ ഷാഫിയെ കേസിൽ രണ്ടാംപ്രതിയാക്കിയത്.

ഇരുവരും അഞ്ച് ബാങ്കുകളിൽ സ്വർണം പണയം വച്ച് 50 ലക്ഷം രൂപ എടുത്തുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.തുടർന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഡയമണ്ടും സ്വർണവും തിരിച്ചെടുത്ത് കണക്കെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇമ്രാൻ ഷാഫിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ടൗൺ ഇൻസ്‌പെക്ടർ പി. അജിത്കുമാർ, എസ്.ഐമാരായ എം.വി. വിഷ്ണുപ്രസാദ്,കെ. നാരായണൻ നായർ, ജനാർദ്ദനൻ, രഞ്ജിത്, എ.എസ്.ഐമാരായ ലക്ഷ്മി നാരായണൻ, വിജയൻ, മോഹനൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവകുമാർ ഉദിനൂർ, രാജേഷ്, ഓസ്റ്റിൻ തമ്പി എന്നിവരുമുണ്ടായിരുന്നു. മുഖ്യപ്രതി മുഹമ്മദ് ഫാറൂഖിനെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.