കണ്ണൂർ :സർവ്വകലാശാല വി.സിയുടെ വസതിക്ക് മുന്നിൽ രാജി ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച് കൊണ്ട് കെ.എസ്.യു പ്രതിഷേധം.കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും ചട്ടങ്ങൾ മറികടന്നാണെന്നും ചാൻസലറായ ഗവർണ്ണർ തന്നെ തുറന്ന് പറഞ്ഞിട്ടും വി.സി പദവിയിൽ കടിച്ചുതൂങ്ങുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സി.പി.എമ്മിന് വിടുപണി ചെയ്തും പാർട്ടി നേതാക്കളുടെ ബന്ധു നിയമനങ്ങൾക്ക് കൂട്ടു നിന്നും ലഭിച്ച പുനർനിയമനത്തിൽ ഇനിയും കടിച്ച് തൂങ്ങാതെ രാജി വച്ചൊഴിയണമെന്നും എന്ത് പോരാട്ടം നടത്തിയും വി.സി യെ താഴെയിറക്കുമെന്നും മാന്യമായി രാജിവച്ച് ഒഴിയാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെ. എസ്. യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു നേതാക്കളായ ഫർഹാൻ മുണ്ടേരി,സാരംഗ് മുരളി,അനുദിത്ത് മനോഹരൻ എന്നിവർ നേതൃത്വം നൽകി.