തൃക്കരിപ്പൂർ: നാട്ടിലെ ക്രമസമാധാനം പരിപാലിക്കുന്നതിനിടെ നാടിന്റെ പരിസ്ഥിതി സംരക്ഷണ മേഖലയിലും ചന്തേര ജനമൈത്രീ പൊലീസിന്റെ കൈയൊപ്പ്. മാടക്കാൽ പുഴയോരത്ത് കണ്ടൽവത്കരണ പദ്ധതിയിലൂടെ പുതുതലമുറയിലേക്ക് സേവന സന്നദ്ധതയുടെയും ജൈവിക ബോധത്തിന്റെയും പാഠങ്ങൾ പരിചയപ്പെടുത്തുകയാണ് ചന്തേര ജനമൈത്രി പൊലീസ്. മാടക്കാൽ ബണ്ടിന് സമീപവും മാടക്കാൽകൊടി പ്രദേശത്തുമാണ് ആയിരം കണ്ടൽ നടുന്നത്.

ഡിവൈ.എസ്.പി ബാലകൃഷ്ണൻ പുഴയറിവുകളും നാട്ടറിവുകളും ജൈവവൈവിധ്യത്തെക്കുറിച്ചും, പുഴ ശുദ്ധീകരണം, തീരപരിപാലനം, പക്ഷി വൈവിദ്ധ്യമേഖലകൾ എന്നിവയെയും പുഴയിലെ മത്സ്യവിഭവങ്ങളെക്കുറിച്ചുമുള്ള കുട്ടികളുമായി പങ്കുവെച്ചു. നൂറുകണക്കിന് പേർ കണ്ടൽ തൈ നടുന്നതിനും കൂട്ടായ്മയിലും പങ്കെടുത്തു. വാർഡ് മെമ്പർ എം. താജുന്നീസയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി.വൈ എസ്.പി. ഡോ. വി. ബാലകൃഷ്ണൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചന്തേര എസ്.ഐ ശ്രീദാസ് എം.വി. കണ്ടൽ കുടുംബാംഗം ബാബു സുരേഷ്, സത്യൻ, പടന്നകടപ്പുറം സ്ക്കൂൾ എസ്.പി.സി.സി.പി.ഒ. ബിജു, ഉദിനൂർ സ്കൂൾ സി.പി.ഒ. അശോകൻ, ജനമൈത്രി വളണ്ടിയർ ഷാജി, ചന്തേര പൊലീസ് സ്റ്റേഷൻ പി.ആർ.ഒ. തമ്പാൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേശൻ കാനം, പി.പി. സുധീഷ് എന്നിവർ സംസാരിച്ചു. പടന്നകടപ്പുറം സ്കൂളിലെയും ഉദിനൂർ സ്കൂളിലെയും എസ്.പി.സി. കുട്ടികൾ, ഇ.എം.എസ്. വായനശാല ആൻഡ് ഗ്രന്ഥാലയം പ്രവർത്തകർ കണ്ടൽ കുടുംബം മാടക്കാലിന്റെ പ്രവർത്തകർ, ജനമൈത്രി ട്രോമാ കെയർ വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

പടം...മാടക്കാൽ പുഴയിൽ ചന്തേര ജനമൈത്രീ പൊലീസിന്റെ കണ്ടൽവത്കരണ പദ്ധതി ഡിവൈ.എസ്.പി. ഡോ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.