
ചെറുപുഴ: കർണ്ണാടക അതിർത്തിയിൽ കൈയേറ്റമുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ കണ്ണൂർ ജില്ല സർവ്വേ ഡപ്യൂട്ടി ഡയരക്ടർ സ്വപ്ന മേലുക്കടവൻ, ശ്രീകണ്ഠാപുരം റീ സർവ്വേ ഓഫീസ് സൂപ്രണ്ട് ബാലകൃഷ്ണൻ, പയ്യന്നൂർ താലൂക്ക് സർവ്വേയർ രമേശൻ എ ,പുളിങ്ങോം വില്ലേജ് ഓഫീസർ ബെന്നി കുര്യാക്കോസ് എന്നിവർ അടങ്ങുന്ന ടീമിനെ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് കർണാടക വനംവകുപ്പ് അധികൃതർ തടഞ്ഞു.
സംയുക്ത പരിശോധന ആവശ്യമെങ്കിൽ അറിയിക്കാമെന്ന് പറഞ്ഞെങ്കിലും ഫോറസ്റ്റ് അധികൃതർ അനുവദിച്ചില്ല. കർണ്ണാടക അതിർത്തി കെട്ടിയത് കേരള സർക്കാറിനെ അറിയിക്കാതെയാണ് . പരിശോധക സംഘത്തിൽ ചെയിൻമാൻ ടി.പി രമേശൻ, പുളിങ്ങോം വി.എഫ് എ ഷറഫുദ്ദീൻ എന്നിവർ ഉണ്ടായിരുന്നു.
മുമ്പ് സംസ്ഥാന അതിർത്തി മാറ്റിസ്ഥാപിക്കാൻ കർണാടക ഫോറസ്റ്റ് അധികൃതർ നടത്തിയ ശ്രമം മുമ്പ് പ്രദേശവാസികൾ തടഞ്ഞിരുന്നു. അതിർത്തി തർക്കം കാരണം വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്ന ജനങ്ങൾക്ക് പട്ടയം കിട്ടാത്ത അവസ്ഥയാണ്. നിലവിലുള്ള അതിർത്തിത്തർക്കം ഉടൻ പരിഹരിക്കണമെന്ന് വാർഡ് മെമ്പർ സിബി മൈലിക്കൽ ആവശ്യപ്പെട്ടു