കണ്ണൂർ: പെൺകുട്ടികൾ ജീവിക്കാൻ ഏറെ ഭയപ്പെടുന്നതും സുരക്ഷിതമല്ലാത്തിടവുമായി നമ്മുടെ രാജ്യം മാറുകയാണെന്ന് വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ പറഞ്ഞു. സ്ത്രീപക്ഷ രാഷ്ട്രീയത്തിലെ ഹരിത മുന്നേറ്റം എന്ന പ്രമേയവുമായി വനിതാ ലീഗ് ജില്ലാ കമ്മിറ്റി കണ്ണൂർ ചേമ്പർ ഹാളിൽ സംഘടിപ്പിച്ച 'ഇൻതിഫാദ 2021 'ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഓരോ ദിവസവും ഇന്ത്യയിൽ എത്രയോ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. അവർക്ക് നീതി ലഭിക്കുന്നില്ല. മനുഷ്യജീവനെക്കാൾ വില ഇവിടെ മൃഗങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞി മുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, പ്രസംഗിച്ചു. വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. സാജിത സ്വാഗതം പറഞ്ഞു. സ്ത്രീപക്ഷ രാഷ്ട്രീയം എന്ന വിഷയത്തിൽ റാഷിദ് ഗസാലി സംസാരിച്ചു. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ മുഖ്യാതിഥിയായിരുന്നു. യുവതികളുടെ രാഷ്ട്രീയ പ്രാധാന്യം എന്ന വിഷയത്തിൽ ഫാത്തിമ മുസഫറിന്റെ മകൾ ഫസില ഫാത്തിമ മുസഫർ ക്ലാസെടുത്തു.