
കൂടുതൽ സ്ത്രീകളെ പാർട്ടി അംഗങ്ങളാക്കും
പഴയങ്ങാടി: തളിപ്പറമ്പിലെ പാർട്ടി പ്രശ്‌നത്തിൽ ജില്ലാ കമ്മറ്റി എടുത്ത നടപടി പ്രതിനിധികൾ അംഗീകരിച്ചുവെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പൊതുചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പിലെ ചില മേഖലയിലുണ്ടായ ദൗർബല്യങ്ങൾ ഒരു വർഷത്തിനകം പരിഹരിക്കാൻ കഴിയുന്ന കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പൊതുചർച്ചയിൽ റിപ്പോർട്ടിലെ പാർട്ടി മുന്നേറ്റത്തെ തത്വത്തിൽ അംഗീകരിച്ചു. മലയോര മേഖലയിലെ ദുർബല മേഖല ശക്തിപ്പെടുത്തുവാൻ നിർദേശം വന്നു.പാർട്ടിയെ ശക്തിപ്പെടുത്തുവാൻ വിമർശനവും സ്വയം വിമർശനവും ഉണ്ടായി. ന്യൂനതകൾ ചില അംഗങ്ങൾ ചൂണ്ടി കാണിച്ചു. മലയോര മേഖല വികസന സമിതിയെ ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. മലയോര മേഖലയിൽ വികസനത്തിന് ഊന്നൽ നൽകണമെന്ന് ചില അംഗങ്ങൾ നിർദേശം രേഖപ്പെടുത്തി.
പാർട്ടിയിൽ സ്ത്രീ സാനിധ്യം ഉണ്ടങ്കിലും കൂടുതൽ സ്ത്രീകളെ പാർട്ടി അംഗങ്ങൾ ആക്കുവാൻ ശ്രമം നടത്തും.ബ്രാഞ്ചുകളിൽ സ്ത്രീ അനുഭാവി ഗ്രൂപ്പ് ഉണ്ടാക്കി പ്രവർത്തിക്കും. 122ബ്രാഞ്ചുകളിൽ സ്ത്രീ സാന്നിദ്ധ്യം ഇല്ല. സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം സംഘടനയിൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും കുടുംബങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ ലോക്കൽ കമ്മറ്റികൾ വീട് ഇല്ലാത്തവർക്ക് വീട് വച്ച് കൊടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.വി. രാജേഷും എം.വി.ജയരാജനൊപ്പമുണ്ടായിരുന്നു.
അഴീക്കോട് തുറമുഖം വികസിപ്പിക്കണം
അഴീക്കോട് തുറമുഖം വികസിപ്പിക്കണമെന്ന് സി.പി.എം കണ്ണൂർ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്ണൂർ എയർപോർട്ട് വികസനം ത്വരിതപ്പെടുത്താൻ ടൂറിസം മേഖലയെ ശക്തിപ്പെടുത്തണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.