ചെറുപുഴ: 42-ാമത് കണ്ണൂർ ജില്ലാ സീനിയർ പുരുഷ -വനിതാ വോളിബാൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 14 മുതൽ 19 വരെ കടാംകുന്നിൽ നടക്കും. ജില്ലയിലെ എട്ട് സോണുകളിൽ നിന്നായി 18 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. കാസർകോട് വച്ചു നടക്കുന്ന നോർത്ത് സോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ പുരുഷ- വനിതാ ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

ജില്ലാ വോളിബാൾ അസോസിയേഷനും ഫ്രണ്ട്സ് കടാംകുന്നും സയുക്തമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. 14ന് വൈകുന്നേരം അഞ്ചിന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ. സനോജ് പതാക ഉയർത്തും. ജില്ലാ സെക്രട്ടറി പി.പി. കൃഷ്ണൻ പ്രസംഗിക്കും. 19ന് ഞായറാഴ്ച ടി.ഐ മധുസൂദനൻ എം.എൽ.എ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ വോളിബാൾ അസോസിയേഷൻ സെക്രട്ടറി പി.പി. കൃഷ്ണൻ, പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം ഒ.വി. റഫിയ, ടി.പി. ചന്ദ്രശേഖരൻ, സി. സുന്ദരൻ, എം.വി. രാഘവൻ, പി.പി. രാജീവൻ, എം. രജികുമാർ, എം.എസ്. വിജയകുമാർ എന്നിവർ പങ്കെടുത്തു.