ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മങ്ങാടിന്റെ ഭാഗമായ ദ്വീപ് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ട് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ വരുന്നു. തെളിനീർ എന്ന പേരിൽ ആവിഷ്‌കരിച്ച 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് അധികൃതരും മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് നടത്തിയ തോട് നടത്തത്തിലാണ് ദ്വീപ് നിവാസികളുടെ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഇവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏഴാം വാർഡ് മങ്ങാടിനെ പഞ്ചായത്ത് ദത്തെടുക്കാനും തീരുമാനിച്ചു.

തെളിനീർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അധികൃതരും ഹരിത കേരള മിഷനും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും ചേർന്ന് പഞ്ചായത്ത് ഹാളിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. ദ്വീപ് പ്രദേശത്തെ ഒട്ടേറെ വീട്ടുകിണറുകളിലെ വെള്ളം മലിനമായ പശ്ചാത്തലത്തിൽ 13 ന് കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് നൽകും. പരിശോധനാ ഫലം ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കും.

പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയിത്തു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജാമണി, അസി. സെക്രട്ടറി അരുൺ ജിതേഷ്, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ബാലൻ വയലേരി, മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ വിജയൻ കയനാടത്ത്, സി.കെ. രാജലക്ഷ്മി, ലിബാസ് മങ്ങാട്, എൻ.വി. സുഷമ, കൃഷി ഓഫീസർ അജിഷ, വി.ഇ.ഒ. റസിത തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

മറ്റു തീരുമാനങ്ങൾ

വാർഡിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ മാതൃകാ വാർഡാക്കി പ്രത്യേക പരിഗണന നൽകും.

ഗൃഹമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കുന്നത് ഉറപ്പ് വരുത്തും.
19 ന് മങ്ങാട് വെച്ച് തോട് സഭ ചേ‌‌‌ർന്ന് തന്നെ തെളിനീർ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തും. ജനകീയ പങ്കാളിത്തത്തോടെ 29 ന് മങ്ങാട് തോട് ശുചീകരിക്കും.

ജലാശയങ്ങളിലും പാതയോരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ പരമാവധി പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

ഗ്രീൻ കാമ്പസ് ക്ലീൻ കാമ്പസ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന നടത്തും.