
കാസർകോട്: കുട്ടിക്കാലത്തേ പ്രേമം നെന്മണിയോട്. മോഹം 10,000 ഇനം വിത്തുകൾ. സ്വന്തമാക്കിയത് 650 അപൂർവ നെൽവിത്തുകൾ. സ്വന്തമായി പാടമൊരുക്കിയും ഗ്രോബാഗുകളിൽ വളർത്തിയുമാണ് കാസർകോട് ബെള്ളൂർ നെട്ടണിഗെ കിന്നിംഗാറിലെ സത്യനാരായണ ബെളേരി (48) വരുംതലമുറകൾക്കായി അപൂർവ നെൽവിത്തുകൾ സ്വരുക്കൂട്ടുന്നത്. വളരെ കുറച്ചു ലഭ്യമായ അപൂർവ വിത്തുകളാണ് ഗ്രാേബാഗിൽ.
12 വർഷം മുമ്പ് രണ്ടിനം വിത്തുമായാണ് തുടക്കം. പിന്നാലെ വിത്തുകൾ തേടി സംസ്ഥാനങ്ങൾ തോറും അലഞ്ഞു. പത്താം ക്ളാസ് പഠനം കഴിഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞ സത്യനാരായണ, 10,000 വിത്തിനങ്ങൾ ശേഖരിച്ച് സ്വന്തമായി വിളയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ഓരോ വർഷവും ഓരോ സംസ്ഥാനത്തിലൂടെ...
തെങ്ങും കവുങ്ങും കുരുമുളകും കൃഷി ചെയ്യുന്ന നാലേക്കർ കുന്നിൻ ചെരുവാണ് കൃഷിക്കായി ഒരുക്കിയത്. ജലസേചനത്തിന് കുഴൽക്കിണർ. വിത്ത് കർഷകർക്ക് സൗജന്യമായും നൽകും. ബെളേരിയിലെ പരേതനായ കുഞ്ഞിരാമ മണിയാണി- ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീ, ഗ്രീഷ്മ, അഭിനവ എന്നിവരും സഹോദരങ്ങളും കൃഷിയിൽ സഹായികളായുണ്ട്.
100 നാൾ പരിചരണം
# നൂറു ദിവസത്തോളം പരിപാലിച്ചാണ് വിത്ത് വിളയിക്കുന്നത്
# 6 മാസമാണ് വിത്തിന്റെ കാലാവധി. അതിനകം പാകണം
# 20 ഇനം പാടത്ത് കൃഷി, 630 ഇനം ഗ്രോബാഗുകളിൽ
# 30 ഇനം ഡൽഹിയിലെ വിത്ത് ലാബിന്റെ ഉത്പന്നം
ഫിലിപ്പൈൻസിൽനിന്നുവരെ
# കേരളത്തിലെ നാടൻ ഇനങ്ങളിൽ വയനാടൻ വിത്തും
# ഇന്ത്യൻ ഇനങ്ങളിൽ അസാമിലേതും
# വിദേശ ഇനങ്ങളിൽ ഫിലിപ്പൈൻസിലേതും
മേന്മ:
എ ടി കുണി: 20 ദിവസം വെള്ളത്തിൽ
മുങ്ങിയാലും വിളയും
കഗ്ഗ: ഉപ്പുവെള്ളത്തിലും മികച്ച വിളവ്
വെള്ളത്തൊവ്വൻ: വരണ്ട മണ്ണിലും വിളവ്
ഈ നെല്ലുകൾ ഔഷധം
മധുശാല (കർണ്ണാടക): പ്രമേഹം കുറയാൻ
ചക്കാവോ പൊരിയാട്ട് (അസാം): കാൻസർ പ്രതിരോധത്തിന്
അന്തേ മൊഹരി: പ്രസവശേഷം സ്ത്രീകൾ കഞ്ഞിയാക്കി കഴിക്കുന്നത്
കരി ഗജവലി: ഇരുമ്പ്സത്ത് കൂടുതലുള്ളത്
ശക്തിശാലി (കേരളം): രക്തപുഷ്ടിക്ക്
കർപ്പരി, അസാം ബ്ലാക്ക്: കാഴ്ചശക്തിക്ക്
ഒന്നര ലക്ഷം കേന്ദ്രസമ്മാനം
കേന്ദ്ര കൃഷിമന്ത്രാലയം ഇക്കഴിഞ്ഞ നവംബർ 11ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് സമ്മാനിച്ചു.
``നാടൻ വിത്തിനങ്ങൾ കാണുന്നത് സ്കൂളിൽ പോകുമ്പോൾ തൊട്ട് കൗതുകമായിരുന്നു''.
-സത്യനാരായണ ബെളേരി