ovuchal
ഓവുചാൽ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഒറ്റപ്പെട്ടുപോയ വീടുകളിലൊന്ന്‌

തലശ്ശേരി: തലശ്ശേരി- മാഹി ദേശീയപാതയ്ക്കായി ഭൂമി വിട്ടുനല്കിയവർക്ക് ദുരിതം തുടർക്കഥയായി. മുഴപ്പിലങ്ങാട് യൂത്ത് ബസ് സ്റ്റോപ്പ് മുല്ലപ്രം പള്ളി റോഡിലെ വീട്ടുകാർക്കാണ് ഈ പരാതി. അഞ്ചരക്കണ്ടി പുഴയിൽ പൂർത്തിയായി വരുന്ന പാലത്തിന്റെ അനുബന്ധ റോഡിന് പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിന് ഓവുചാൽ നിർമ്മാണം അശാസ്ത്രീയമാണെന്നാണ് ആക്ഷേപം.

ഓവുചാൽ പണി പൂർത്തിയായാൽ റോഡരികിലെ താമസക്കാർക്ക് വീട്ടിൽ പ്രവേശിക്കാനാവില്ല. 100 മീറ്ററോളം നീളത്തിലുള്ള ഓവിന്റെ ഭിത്തി ഭൂനിരപ്പിൽ നിന്നും ഉയർന്ന തരത്തിലായതോടെ വീട്ടുകാർ സംഘടിച്ച് പണി തടസ്സപ്പെടുത്തി. പതിനഞ്ചോളം വീട്ടുകാർക്കാണ് പുതിയ ദുരിതം.
സർവീസ് റോഡിന്റെ നിർമ്മാണത്തിലെ അപാകത കാരണം ഈ ഭാഗത്ത് വീണ്ടും ഭൂമി ഏറ്റെടുക്കാൻ നടപടിയായതോടെ വീട്ടുകാർ സമരത്തിനിറങ്ങിയിരുന്നു. അതനുസരിച്ച് ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡിനായി ഓവുചാൽ പണി തുടങ്ങിയപ്പോഴാണ് വീണ്ടും പുതിയ ദ്രോഹം. വാർഡ് മെമ്പർമാരായ സി.എം നജീബും, പി.വി. ഷാനുവും നേതൃത്വത്തിൽ ഹൈവേ അധികൃതരുടെ ദ്രോഹത്തിനെതിരെ വീട്ടുകാരെ രംഗത്തിറക്കി നിർമ്മാണം തടയുകയായിരുന്നു. റെഡിമെയ്ഡ് ഓവുചാലിന് പകരം കോൺക്രീറ്റ് ചെയ്താൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.