p

കാസർകോട്: കാസർകോട് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽ ഈ മാസം ജനറൽ ഒ.പി തുടങ്ങുമെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനം വെറുതെയായി. പകരമെത്തിയത് കൂട്ടസ്ഥലംമാറ്റത്തിന്റെ ഉത്തരവാണ്. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ളവരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്.

ഭൂരിഭാഗം ജീവനക്കാരെയും സ്ഥലംമാറ്റിയത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തുടങ്ങാനുള്ള നീക്കത്തിന് തിരിച്ചടിയായി. നവംബര്‍ പതിനെട്ടിന് ഉക്കിനടുക്കയിലുള്ള സർക്കാർ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ മാസം ആദ്യം ഒ.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജേര്‍ജിന്‍റെ വാഗ്ദാനം. . നവംബര്‍ 27 നുള്ള ഉത്തരവിലാണ് പതിനൊന്ന് നഴ്സുമാരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം എട്ടിനുള്ള മറ്റൊരു ഉത്തരവില്‍ രണ്ട് ഹെഡ്നേഴ്സുമാരെ ഉള്‍പ്പടെ 17 പേരെ കൊല്ലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് റേഡിയോ ഗ്രാഫര്‍മാര്‍, രണ്ട് ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്. ആറ് ഡോക്ടര്‍മാരേയും വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള ഡോക്ടര്‍മാര്‍ക്ക് അടുത്ത ദിവസം തന്നെ ഉത്തരവ് ലഭിക്കുമെന്ന് അനൗദ്യോഗിക അറിയിപ്പും ലഭിച്ചു കഴിഞ്ഞു.

വര്‍ക്കിംഗ് അറേ‍ജ്മെന്റെന്ന പേരിലാണ് കൂട്ടസ്ഥലം മാറ്റമെന്നാണ് പറയുന്നത്.. കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന അക്കാഡമിക് വിഭാഗത്തിൽ സൗകര്യമൊരുക്കിയാണ് ജനറൽ ഒ പി തുടങ്ങുന്നതിന് അധികൃതർ മുന്നോട്ടുവന്നത്. ലിഫ്റ്റ് ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ കിറ്റ്‌കോ , താക്കോൽ കൈമാറാനും ഒരുക്കമായിരുന്നു.