manal
തീരത്ത് കെട്ടിയിട്ട പൂഴി വാരുന്ന തോണികൾ

തലശ്ശേരി: പുഴകളിൽ മണൽ ശേഖരിക്കാനുള്ള അനുമതി നിറുത്തലാക്കിയിട്ട് ആറര വർഷം പിന്നിടുമ്പോഴും തോണികളിൽ മണൽവാരി ഉപജീവനം നടത്തുന്ന നിർദ്ധന കുടുംബങ്ങൾ പട്ടിണിയിൽ തന്നെ. 2015 മാർച്ച് 28 നാണ് മണൽ വാരൽ നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് ജില്ലയിലെ 81 കടവുകളിലും മണൽവാരൽ നിലച്ചു. പരിസ്ഥിതി അനുമതി കിട്ടാത്ത കടവുകളിൽ നിന്ന് മണലെടുക്കുന്നത് ഗ്രീൻ ട്രൈബ്യൂണലാണ് ആദ്യം തടഞ്ഞത്. ഇതേ തുടർന്ന് ജില്ലയിലെ കടവുകളെക്കുറിച്ച് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് പഠനം നടത്തി. അവർ നൽകിയ റിപ്പോർട്ട് മണലെടുക്കുന്നതിന് അനുകൂലമായിരുന്നെങ്കിലും, പരിസ്ഥിതി അവലോകന സമിതി അനുവദിച്ചില്ല. മണൽവാരൽ പൂർണമായും നിരോധിക്കപ്പെടുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിവന്ന നിരവധി തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായത്.

ഇപ്പോൾ മിക്കവരും കടത്തിൽ മുങ്ങി കരകയറാനാവതെ വിഷമിക്കുകയാണ്. ഇതരമേഖലകളിൽ ജോലി നോക്കിയവരുണ്ട്. മണൽവാരൽ നിരോധനം പുഴകളുടെ സ്വഭാവത്തെയും തകിടം മറിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ യന്ത്രങ്ങൾ ഉപയോഗിക്കാതെ ചെറിയ വള്ളങ്ങളിൽ ബക്കറ്റോ, കുട്ടയോ വെച്ച് മണൽ നീക്കാനുള്ള അനുമതി നൽകാൻ കേന്ദ്ര തലത്തിൽ ആലോചന നടക്കുന്നതായി സൂചനകളുണ്ട്. ഇത്തരത്തിൽ മാറ്റാവുന്ന മണലിന്റെ പരിധി വ്യക്തമാക്കി സംസ്ഥാന സർക്കാർ തദ്ദേശവാസികൾക്ക് അനുമതി നൽകാമെന്നുള്ള കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കി വരുന്നതായി അറിയുന്നു.

'പുഴകൾക്കുമുണ്ട്

പ്രതിഷേധം"

വേലിയേറ്റ സമയങ്ങളിലും കാലവർഷക്കാലത്തും പലയിടത്തും പുഴകൾ കരകവിയുന്നത് മണൽ അടിഞ്ഞിട്ടാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മണൽ അടിഞ്ഞതുകൊണ്ടുതന്നെ കിണറുകളിൽ ഉപ്പുവെള്ളം എത്തുന്ന പ്രതിഭാസവുമുണ്ട്.


കൊവിഡ് വഴി മാറിയതോടെ നിർമ്മാണമേഖല സജീവമായി വരികയാണ്. പുഴയിൽ നിന്നുള്ള
പൂഴി ശേഖരണത്തിന് നിരോധനം നിലനിൽക്കുമ്പോൾ, കർണാടകയിൽ നിന്നുള്ള മണൽ വൻതോതിൽ ഉത്തര കേരളത്തിലേക്ക് ഒഴുകുകയാണ്.

മണൽവാരൽ തൊഴിലാളികൾ