തളിപ്പറമ്പ്: പരിയാരം പൊലീസ് സ്റ്റേഷൻ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചരിത്രമുറങ്ങുന്ന പരിയാരത്തെ ടി.ബി സാനിറ്റോറിയം നിർമ്മാണ മേൽനോട്ടത്തിനായി ആദ്യം നിർമ്മിക്കപ്പെട്ട ക്യാമ്പ് ഓഫീസ് പൊളിച്ച് നീക്കുന്നു. 1948 ൽ അന്നത്തെ മദ്രാസ് പ്രസിഡൻസി ഗവർണറുടെ പത്‌നിയായിരുന്ന ലേഡിനൈ തറക്കല്ലിട്ട ടി.ബി.സാനിറ്റോറിയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവർക്ക് താമസിക്കാനായാണ് കെട്ടിടം നിർമ്മിച്ചത്.
ടി.ബി സാനിറ്റോറിയം രൂപകല്‍പ്പന ചെയ്ത എൻജിനീയർ പാലക്കാട് അപ്പാടു വീട്ടിൽ നാരായണ മേനോൻ ഉൾപ്പെടെയുള്ളവർ ഇവിടെ താമസിച്ചാണ് ഇതിന്റെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നിരവധി ന്യൂക്ലിയർ ബിൽഡിംഗുകളാണ് 350 ഏക്കർ വരുന്ന പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി നിർമ്മിച്ചത്. ചെറുതും വലുതുമായ നൂറിലേറെ ക്വാർട്ടേഴ്സുകളും നിർമ്മിച്ചു.
മൂന്ന് വർഷത്തോളം ഉപയോഗിച്ച ക്യാമ്പ് ഓഫീസ് പിന്നീട് സാനിറ്റോറിയം ക്വാർട്ടേഴ്സായി മാറി. 1993 വരെ ഈ ക്വാർട്ടേഴ്സ് ഉപയോഗിച്ചിരുന്നു.
പരിയാരം പൊലീസ് നവീകരണ പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കാനിരിക്കെയാണ് കെട്ടിടം പൊളിക്കുന്നത്. 2018ൽ പൊലീസ് സ്‌റ്റേഷൻ നിർമ്മാണം തുടങ്ങിയതോടെ കരാറുകാരന്റെ ക്യാമ്പ് ഓഫീസായും തൊഴിലാളികളുടെ താമസ സ്ഥലമായും സാനിറ്റോറിയം ക്വാട്ടേഴ്സ് കെട്ടിടം ഉപയോഗിച്ചിരുന്നു.
കാലത്തിനും മായ്ക്കാനാവാതെ..
74 വർഷത്തെ പഴക്കമുണ്ടെങ്കിലും മുക്കാൽ നൂറ്റാണ്ട് മുമ്പ് ചുമരിൽ പൂശിയ മഞ്ഞ പെയിന്റുപോലും അതേപടി തന്നെ ഉണ്ട്. തമിഴ്നാട്ടിലെ ഈറോഡിൽ പ്രവർത്തിച്ചിരുന്ന ടി.ബി.സാനിറ്റോറിയത്തിന്റെ നിർമ്മാണ മാതൃകയാണ് നാരായണമേനോൻ ഇവിടെ നിർമ്മാണത്തിനായി സ്വീകരിച്ചത്.
മിനുക്കിയാൽ ഇപ്പോഴും കിടിലൻ
രോഗവ്യാപനം തടയുന്നതിനായാണ് നിശ്ചിതഅകലം വ്യക്തമായി പാലിച്ച് 350 ബെഡുകളുള്ള 9 വാർഡുകൾ നിർമ്മിച്ചത്. 1950ൽ തന്നെ നിർമ്മാണം പൂർത്തീകരിച്ച സാനിറ്റോറിയത്തിന്റെ 90 ശതമാനം കെട്ടിടങ്ങളും ഇന്നും ഉപയോഗയോഗ്യമാണ്. കെട്ടിടങ്ങൾ കൊവിഡ് വാർഡുകളാക്കാൻ ആലോചന നടന്നിരുന്നു.